മുംബൈ: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിനി സഫൂറ സർഗാറിന്റെ അറസ്റ്റിനെപ്പറ്റി നടി പായൽ റോഹ്ത്തഗി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശം മുസ്‌ലിം വനിതകളെ അവഹേളിക്കുന്നതാണെന്ന് അന്ധേരി മജിസ്‌ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടു. സ്വന്തം മതവിശ്വാസം പിന്തുടരാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന് മജിസ്‌ട്രേറ്റ് ഭാഗവത് സിരാപ്പേ ചൂണ്ടിക്കാട്ടി.

മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ ട്വിറ്റർ സന്ദേശമിട്ടതിന് പായലിനെതിരേ കേസെടുക്കാനും 30-ന് മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും മാർച്ച് 30-നാണ് കോടതി ഉത്തരവിട്ടത്. വിശദമായ വിധിന്യായം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രഥമദൃഷ്ട്യാ മുസ്‌ലിം വനിതകളെയും ഇസ്‌ലാം മതത്തെ മൊത്തത്തിലും അവഹേളിക്കുന്നതാണ് നടിയുടെ പരാമർശങ്ങളെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഗർഭിണിയായ സഫൂറയെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലിട്ടതിനെക്കുറിച്ച് 2020 ജൂണിലായിരുന്നു പായൽ റോഹ്ത്തഗിയുടെ വിവാദ പരാമർശം. ഖുർ ആനെയും ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെയും ചൂണ്ടിക്കാണിച്ച നടി സഫൂറയുടെ വീട്ടിനടുത്തുള്ള മരുന്നു കടയിൽ ഗർഭനിരോധന ഉറ ഇല്ലായിരുന്നോ എന്നും ചോദിച്ചിരുന്നു.

മതവിദ്വേഷം പരത്തുന്ന ഈ പരാമർശങ്ങളുടെ പേരിൽ നടിക്കെതിരേ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലി കാഷിഫ് ദേശ്‌മുഖ് ആണ് കോടതിയെ സമീപിച്ചത്. കേസെടുക്കണമെന്ന ആവശ്യം പോലീസ് നിരാകരിച്ചപ്പോഴാണ് അദ്ദേഹം മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 202-ാം വകുപ്പ് അനുസരിച്ച് നടിക്കെതിരേ അന്വേഷണം നടത്താനാണ് കോടതിയുടെ നിർദേശം. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ഇതിനുമുമ്പ് പലതവണ നിയമനടപടി നേരിട്ടയാളാണ് പായൽ റോഹ്ത്തഗി. അവരുടെ ട്വിറ്റർ അക്കൗണ്ട് ഒന്നിലേറെത്തവണ റദ്ദാക്കപ്പെട്ടിട്ടുമുണ്ട്.