ചെന്നൈ: വെന്റിലേറ്റർ തകരാറിലായതിനെത്തുടർന്ന് ചികിത്സയിൽക്കഴിയുകയായിരുന്ന രണ്ട് കോവിഡ് ബാധിതർ മരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന 50 വയസ്സുള്ള സ്ത്രീയും 62 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.20-ഓടെ വെന്റിലേറ്റർ പ്രവർത്തനം അഞ്ചുമിനിറ്റ് നിലച്ചതാണ് ഇവരുടെ മരണത്തിനു കാരണം.

രോഗം ഗുരുതരമായതിനെത്തുടർന്നാണ് കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിൽനിന്ന് സ്ത്രീയെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില ഗുരുതരമായതിനാലാണ് വെന്റിലേറ്റർ പ്രവർത്തനം നിലച്ചപ്പോൾ രണ്ടുപേരും മരിക്കാനിടയായതെന്ന് ആശുപത്രിയധികൃതർ പറഞ്ഞു. ഇപ്പോൾ മുഴുവൻ വെന്റിലേറ്ററുകളും പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. അത്യാഹിതവിഭാഗത്തിൽ 80 രോഗികളാണ് ചികിത്സയിൽക്കഴിയുന്നത്.