പുണെ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഷിർദി സായി ക്ഷേത്രത്തിൽ ഭക്തർക്കുള്ള പ്രവേശനം നിർത്തിവെച്ചു. സംസ്ഥാനത്തെ മുഴുവൻ ആരാധനാലയങ്ങളും 30 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് ശ്രീ സായിബാബ സൻസ്താൻ ട്രസ്റ്റിന്റെ താത്‌കാലിക സി.ഇ.ഒ. രവീന്ദ്ര താക്കറെ അറിയിച്ചു.

എന്നാൽ, ക്ഷേത്രത്തിലെ നിത്യ പൂജകൾക്ക് തടസ്സമുണ്ടാകില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൂജകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ ഭക്തർക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്ന ക്ഷേത്രത്തിൽ നവംബർ 16 മുതൽക്കാണ് അയവ് വരുത്തിയിരുന്നത്. പ്രതിദിനം മൂന്നു ലക്ഷത്തോളം തീർഥാടകർ ഇവിടെ എത്താറുണ്ട്.