മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നത് ആഭ്യന്തര വിമാനസർവീസുകളെ ബാധിച്ചു തുടങ്ങി. ഏപ്രിൽ മൂന്നിന് അവസാനിച്ച ആഴ്ചയിൽ മുൻ ആഴ്ചയിലേതിനെക്കാൾ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകൾ. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ യാത്രക്കാർക്ക് നിയന്ത്രണം കൊണ്ടുവന്നതാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്.

ഏപ്രിൽ മൂന്നിന് അവസാനിച്ച ആഴ്ചയിൽ ശരാശരി 2,39,000 യാത്രക്കാരാണുണ്ടായത്. മാർച്ച് 27 -ന് അവസാനിച്ച ആഴ്ചയിലിത് 2,51,000 പേരും മാർച്ച് 20-ന് അവസാനിച്ച ആഴ്ചയിൽ ഇത് 2,57,000 പേരും ആയിരുന്നു. വിമാനം പുറപ്പെടുമ്പോഴുള്ള ശരാശരി യാത്രക്കാരുടെ എണ്ണം മാർച്ച് 27 -ലെ 109 എണ്ണത്തിൽനിന്ന് ഏപ്രിൽ മൂന്നിന് അവസാനിച്ച ആഴ്ച 104 ആയി കുറഞ്ഞതായും കണക്കുകൾ പറയുന്നു.