അഹമ്മദാബാദ്: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം ലോക്ഡൗൺ ഏർപ്പെടുത്താൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശം. ജനങ്ങൾക്ക് കൂടുതൽ ദുരിതമാവുമെന്നതിനാലാണ് അടച്ചിടൽ ഒഴിവാക്കിയതെന്നും കോടതിയുടെ അഭിപ്രായം സർക്കാരിനെ അറിയിക്കുമെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.

ചീഫ് ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് അഡ്വക്കേറ്റ് ജനറൽ കമാൽ ത്രിവേദിയെ വിളിപ്പിച്ചാണ് കോവിഡ് സ്ഥിതിയെപ്പറ്റി ആരാഞ്ഞത്. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നതിനാൽ കൂടുതൽ നിയന്ത്രണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘മൂന്നോ നാലോ ദിവസം അടച്ചിട്ടശേഷം തുറക്കുന്നത് ഗുണംചെയ്യും. കഴിഞ്ഞവർഷം മാർച്ചിൽ ആഴ്ചയുടെ അവസാനങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു’ -ചീഫ് ജസ്റ്റിസ് പറഞ്ഞു. അമ്പതിൽ കൂടുതൽപേർ ഒരു കൂട്ടായ്മയിലും പങ്കെടുക്കരുതെന്ന് കോടതി നിർദേശിച്ചു. മരുന്നുകൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു.