ന്യൂഡൽഹി: ലാവലിൻ കേസ് 28-ാം തവണയും സുപ്രീം കോടതി മാറ്റിവെച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്നുകാട്ടി ഊർജവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കേസ് മാറ്റിവെക്കുന്നത് ഇനിയും അനുവദിക്കരുതെന്ന് ഹർജികളിൽ കക്ഷിചേർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഇനി മാറ്റിവെക്കാൻ പറയരുതെന്ന് കോടതി പറഞ്ഞു. ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് 2017 മുതൽ സുപ്രീംകോടതിയിലുണ്ടെങ്കിലും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയും സുപ്രീംകോടതിയിലുണ്ട്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.