ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ തരുൺ ബജാജിനെ ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ സെക്രട്ടറിയായി നിയമിച്ചു. അജയ് ഭൂഷൺ പാണ്ഡെ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 1988 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബജാജ് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏപ്രിൽമുതൽ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു. അജയ് സേത്താണ് പുതിയ സാമ്പത്തികകാര്യ സെക്രട്ടറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ നിയമനസമിതി സുപ്രധാനമായ മറ്റ് ആറു നിയമനങ്ങൾക്കും അംഗീകാരം നൽകി. ജ്ഞ്യാനേശ് കുമാർ (പാർലമെന്ററികാര്യ സെക്രട്ടറി), അലി റാസ റിസ്‌വി (ഘനവ്യവസായ സെക്രട്ടറി), ഇന്ദീവർ പാണ്ഡെ (ഭരണപരിഷ്കാര സെക്രട്ടറി), അഞ്ജലി ഭാവ്ര (ഭിന്നശേഷിക്കാരുടെ സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയ സെക്രട്ടറി), ജതിന്ദ്ര നാഥ് സ്വെയ്ൻ (ഫിഷറീസ് സെക്രട്ടറി), അനിൽകുമാർ ജാ (ട്രൈബൽ സെക്രട്ടറി).

വിവിധ മന്ത്രാലയങ്ങളിൽ അഡീഷണൽ സെക്രട്ടറിമാരായിരുന്ന അനുരാധ പ്രസാദ്, പ്രമോദ് കുമാർ പാഠക്, ജീവേഷ് നന്ദൻ, സഞ്ജയ് കുമാർ സിങ്, കെ. രാജേശ്വര റാവു, എസ്.കെ. ദേവ് വർമൻ എന്നിവർക്ക് സ്പെഷ്യൽ സെക്രട്ടറി റാങ്കിലേക്ക് സ്ഥാനക്കയറ്റവും നൽകി.