റായ്‌പുർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ ജവാനായുള്ള അന്വേഷണം തുടരുന്നു. സി.ആർ.പി.എഫ്. കോബ്ര വിഭാഗത്തിലെ കമാൻഡോ രാകേശ്വർ സിങ് മൻഹാസിനെ മാവോവാദികൾ തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. ജമ്മു സ്വദേശിയാണ് 35 വയസ്സുള്ള രാകേശ്വർ സിങ്. അച്ഛനെ വിട്ടുനൽകണമെന്ന് ജവാന്റെ അഞ്ചുവയസ്സുകാരിയായ മകൾ കണ്ണീരോടെ മാവോവാദികളോട് അഭ്യർഥിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

രാകേശ്വർ സിങ് തങ്ങളുടെ ഒപ്പമുണ്ടെന്നും പരിക്കുകളൊന്നും ഇല്ലെന്നും മാവോവാദികൾ ഫോണിലൂടെ അറിയിച്ചതായി സുക്മയിലെ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കഴിഞ്ഞദിവസം പോലീസിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും മാവോവാദികൾ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയോ രാകേശ്വർ സിങ്ങിന്റെ ഫോട്ടോയോ പുറത്തുവിട്ടിട്ടില്ലെന്നും ബസ്തർ റേഞ്ച് ഐ.ജി. പി. സുന്ദർരാജ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പ്രദേശം മുഴുവൻ രണ്ടുദിവസം അരിച്ചുപെറുക്കിയിട്ടും ജവാനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രാമീണരെയും പോലീസിന് വിവരം നൽകുന്നവരെയുമെല്ലാം നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്ന് ഛത്തീസ്ഗഢ് പോലീസ് പറഞ്ഞു.

ശനിയാഴ്ച തെക്കൽഗുഡ-ജൊനഗുഡ ഗ്രാമങ്ങളിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചു. 31 പേർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ്. കോബ്രവിഭാഗത്തിലെ ഏഴുപേരും ബസ്തരിയ ബറ്റാലിയനിലെ ഒരാളും ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ടുപേരും പ്രത്യേക ദൗത്യസംഘത്തിലെ ആറുപേരുമാണ് മരിച്ചത്.