ചെന്നൈ: മൂന്നാംകോവിഡ് വ്യാപനഭീഷണി നിലനിൽക്കുന്നതിനാൽ സാധാരണ തീവണ്ടി സർവീസിന് ഇനിയും കാത്തിരിക്കേണ്ടിവരും. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂന്നാംവ്യാപനം നടക്കുന്നതിനാൽ സാധാരണ തീവണ്ടിസർവീസിനെക്കുറിച്ച് റെയിൽവേ ബോർഡ് ചർച്ച നടത്തിയിട്ടില്ലെന്ന് ദക്ഷിണറെയിൽവേ ഓപ്പറേഷൻവിഭാഗം അറിയിച്ചു.

മൂന്നാംവ്യാപനമുണ്ടായാൽ പ്രത്യേക സർവീസ് നടത്തുന്ന തീവണ്ടികളും നിർത്തിവെക്കേണ്ടിവരും. രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം പൂർണമായി കെട്ടടങ്ങിയിട്ടില്ല. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് ബാധിതർ കൂടുതലാണ്.

പ്രത്യേക തീവണ്ടികളിൽ 10 ശതമാനംമുതൽ 30 ശതമാനംവരെ യാത്രാനിരക്ക് കൂടുതലാണ്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക തീവണ്ടികളിൽ നിരക്ക് കൂട്ടിയതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തീവണ്ടി യാത്രയിലൂടെ കോവിഡ് പടരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനറൽകോച്ചുകളിൽ ടിക്കറ്റ് റിസർവ് ചെയ്തുള്ള യാത്ര നിർബന്ധമാക്കിയതെന്നും റെയിൽവേ അറിയിച്ചു.

95 ശതമാനം എക്സ്‌പ്രസ് തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. പാസഞ്ചർ തീവണ്ടികൾ പൂർണമായി സർവീസ് ആരംഭിച്ചിട്ടില്ല.