കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കേന്ദ്ര ഏജൻസി തെളിയിച്ചാൽ പരസ്യമായി സ്വയം തൂക്കിലേറുമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. അഭിഷേക് ബാനർജി. കൽക്കരി കള്ളക്കടത്ത് ഇടപാടു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുമ്പാകെ ഹാജരാകാൻ പോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് ബാനർജി ഡൽഹിയിൽ ഇ.ഡി.ക്കു മമ്പാകെ ഹാജരാേണ്ടത്.

‘10 പൈസയുടെ ഏതെങ്കിലും നിയമവിരുദ്ധ ഇടപാടിൽ എന്റെ പങ്കാളിത്തം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് തെളിയിക്കാൻ സാധിച്ചാൽ എന്നെ പരസ്യമായി തൂക്കിക്കൊല്ലണം. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ ഞാൻ തയ്യാറാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുകയും തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുകയും ചെയ്ത ബി.ജെ.പി. പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണ്’ -ബാനർജി ആരോപിച്ചു.