ന്യൂഡൽഹി: ഇൻഫോസിസ് ദേശവിരുദ്ധപ്രവർത്തനം നടത്തിയെന്ന പാഞ്ചജന്യയിലെ ലേഖനത്തോട് അകലംപാലിച്ച് ആർ.എസ്.എസ്. പാഞ്ചജന്യ മുഖലേഖനത്തിൽ നൽകിയ അഭിപ്രായം എഴുത്തുകാരന്റേതുമാത്രമാണെന്നും സംഘടനയുമായി അതിനെ ബന്ധപ്പെടുത്തരുതെന്നും ആർ.എസ്.എസ്. വക്താവ് സുനിൽ അംബേദ്കർ ഞായറാഴ്ച പ്രതികരിച്ചു. ആർ.എസ്.എസ്. ബന്ധമുള്ള വാരികയാണ് പാഞ്ചജന്യ.

ഒരു ഇന്ത്യൻ കമ്പനിയെന്ന നിലയിൽ, രാജ്യത്തിന്റെ അഭിവൃദ്ധിക്കായുള്ള കാര്യമായ സംഭാവനകൾ ഇൻഫോസിസ് നൽകിയിട്ടുണ്ട്. ഇൻഫോസിസ് രൂപകല്പന ചെയ്ത പോർട്ടലിൽ എന്തെങ്കിലും തരത്തിൽ തകരാറുകളുണ്ടാവാം. എന്നാൽ ഈ സന്ദർഭത്തിൽ പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച ലേഖനം എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആർ.എസ്.എസിന്റെ മുഖപത്രമല്ല പാഞ്ചജന്യ. അതിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും ആർ.എസ്.എസുമായി ബന്ധിപ്പിക്കരുത് -സുനിൽ പറഞ്ഞു.

ആദായനികുതി, ജി.എസ്.ടി. പോർട്ടലുകളിലെ സാങ്കേതികപ്പിഴവുകളെത്തുടർന്ന് അവ തയ്യാറാക്കിയ ഇൻഫോസിസിനെ വിമർശിച്ചുകൊണ്ടെഴുതിയ ലേഖനത്തിലാണ് ഇൻഫോസിസ് വഴി ദേശവിരുദ്ധശക്തികൾ ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾ ഹനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പാഞ്ചജന്യ ആരോപിച്ചത്.