ജയ്‌പുർ: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് നേട്ടം. മൂന്നുഘട്ടമായിനടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 670 സീറ്റുനേടി. ബി.ജെ.പി.ക്ക് 551 സീറ്റിലാണ് വിജയിക്കാനായത്.

ആറുജില്ലയിലെ 1564 പഞ്ചായത്തുസമിതി സീറ്റുകളിൽ ബി.എസ്.പി. 11-ഉം രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി 40-ഉം നേടി. 200 ജില്ലാപരിഷത്ത് സീറ്റുകളിലേക്കുനടന്ന തിരഞ്ഞടുപ്പിൽ 99 കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചപ്പോൾ 90 സീറ്റ്‌ ബി.ജെ.പി. നേടി. ബി.എസ്‌.പി. മൂന്നുസീറ്റിലും സ്വതന്ത്രർ എട്ടുസീറ്റിലും ജയിച്ചു. ആദ്യഘട്ടവോട്ടെടുപ്പ് ഓഗസ്റ്റ് 26-നും രണ്ടാംഘട്ടം 29-നും മൂന്നാംഘട്ടം സെപ്റ്റംബർ ഒന്നിനുമാണ് നടന്നത്. ശനിയാഴ്ചയായിരുന്നു വോട്ടെണ്ണൽ.