ചെന്നൈ: ഇടപെടുന്ന മേഖലകളിൽ കൈയൊപ്പുചാർത്തിയ ‘വൺ മാൻ ആർമി’യായിരുന്നു ഇ.പി.ജി. നമ്പ്യാർ. പിറകിൽ ആളുകളുണ്ടെങ്കിലും പോരാട്ടത്തിന് നമ്പ്യാർ മുന്നിലുണ്ടാകും. അത് വിജയത്തിലെത്തുകയുംചെയ്യും.

വിദ്യാഭ്യാസ-കലാ-സാംസ്കാരിക-സാഹിത്യ പരിപാടികൾക്കും പുത്തൻ സംരംഭങ്ങൾക്കും നമ്പ്യാർ പകരുന്ന ഊർജം വലുതായിരുന്നു. അത്രമികച്ച സംഘാടകപാടവത്തിന് ഉടമയായിരുന്നു. ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും. ലക്ഷങ്ങളും കോടികളും അതിനായി അനായാസം പിരിച്ചെടുക്കും. ഒട്ടേറെ മലയാളികൾക്ക് തൊഴിലും പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകി. ചെന്നൈയിലെ സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ ഉഴലുന്ന മലയാളികൾക്ക് ആശ്രയമായി.

ചിന്മയ വിദ്യാലയത്തിലോ ഭാരതീയ വിദ്യാഭവനിലോ സീറ്റുലഭിക്കണമെങ്കിൽ നമ്പ്യാരുടെ ഫോൺവിളി മതിയായിരുന്നു. ചെന്നൈയിലെ ഹാരിങ്ടൺ റോഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചിന്മയ ഹെറിറ്റേജ് സെന്റർ വരാൻ പ്രധാനകാരണക്കാരൻ നമ്പ്യാരാണ്. ഏറെക്കാലം ചിന്മയ ഹെറിറ്റേജ് സെന്റർ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു. ചെംപ്ലാസ്റ്റ്, ബ്രിട്ടാനിയ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്നപദവിയിലിരിക്കെ ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നൽകി.

മദിരാശി കേരളസമാജത്തിന്റെ കീഴിലുള്ള കേരള വിദ്യാലയത്തെ തകർച്ചയുടെ വക്കിൽനിന്ന്‌ കൈപിടിച്ചുയർത്തിയതിൽ പ്രധാന പങ്കുവഹിച്ചു. ഡോ. സി.ആർ.ആർ. പിള്ള വാസുദേവൻ, എം.കെ. ഉണ്ണിത്താൻ, എം.എ. എബ്രഹാം തുടങ്ങിയവർക്കൊപ്പം വിദ്യാലയത്തിനുവേണ്ടി നമ്പ്യാർ മുൻനിരയിൽ പ്രവർത്തിച്ചതെന്ന് സമാജം മുൻ സെക്രട്ടറിയും ദക്ഷിണ സെക്രട്ടറി ജനറലുമായ എസ്.എസ്. പിള്ള പറഞ്ഞു. പ്രമുഖ നിയമ-ഭരണതന്ത്രജ്ഞനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണയ്ക്കായി മദിരാശി കേരള സമാജത്തിൽ സമഗ്രമായ ലൈബ്രറി സജ്ജമാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കേരളസമാജത്തിൽ നമ്പ്യാരുടെ നേതൃത്വത്തിൽ ‘കലാവേദി’ എന്ന സംഘടന പ്രവർത്തിച്ചിരുന്നു. കേരളീയ കലകൾക്ക് വേദിയൊരുക്കിയ സംഘടന പാതിവഴിയിൽ മിഴിയടച്ചു. ഭാരതീയ വിദ്യാഭവനുവേണ്ടി സാംസ്കാരികപരിപാടികളൊരുക്കിയ നമ്പ്യാർ, മികച്ച പ്രഭാഷണപരമ്പരകളും സംവാദങ്ങളും സംഘടിപ്പിച്ചു. മഹാകവി വള്ളത്തോളിന്റെ സ്മരണയ്ക്കായി ചെന്നൈയിൽ സംഘടനയാരംഭിക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും യാഥാർഥ്യമായില്ല.

ചിന്മയാനന്ദ സ്വാമികളുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചിന്മയമിഷന്റെ ആധ്യാത്മിക പരിപാടികൾക്ക് നേതൃത്വം നൽകിയ സമയത്തുതന്നെയാണ് നമ്പ്യാർ ഇടതുപക്ഷപ്രസ്ഥാനത്തിൽ അടിയുറച്ച മദിരാശി കേരളസമാജത്തിന്റെ ഭാഗമായി പ്രവർത്തിച്ചതും.