മുംബൈ: കേന്ദ്രത്തിന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനോട് ഇത്രയും വിരോധമെന്തെന്ന് ശിവസേന എം.പി. സഞ്ജയ് റാവുത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ റാവുത്തിന്റെ പ്രതിവാര കോളമായ ’റോഖ്‌തകി’ ലാണ് അദ്ദേഹം ഇക്കാര്യം ചോദിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ.സി.എച്ച്.ആർ.) സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പോസ്റ്ററിൽനിന്ന് നെഹ്റുവിനെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ചുള്ളതാണ് ലേഖനം.

സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തതും ചരിത്ര നിർമിതിയുടെ ഭാഗമല്ലാത്തതുമായ ആളെ ഉൾപ്പെടുത്തുന്നതിനാണ് നെഹ്രുവിനെ ഒഴിവാക്കിയത്. ഇത് രാഷ്ട്രീയ പകപോക്കലാണ്. ഇത്തരം നടപടി നല്ലതിനല്ല. അവരുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഓരോ സ്വാതന്ത്ര്യ സമര സേനായിയെയും അവഹേളിക്കുന്നതിനു തുല്യമാണിത്. - ലേഖനത്തിൽ ആരോപിക്കുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള നെഹ്രുവിന്റെ നയങ്ങളിൽ വിയോജിപ്പുകളുണ്ടാകാം. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹത്തിന്റെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല. ഇത്രയും വെറുക്കപ്പെടാൻ മാത്രം നെഹ്രു എന്താണ് ചെയ്തത്. സത്യത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ അന്ന് അദ്ദേഹം ദീർഘവീക്ഷണത്തോടെ പടുത്തുയർത്തിയ സ്ഥാപനങ്ങൾ ഓരോന്നായി ഇന്ന് വിൽക്കുകയാണ്. തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന ബാഗുകളിൽനിന്ന് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും ഇ.കെ. പളനിസാമിയുടെയും ചിത്രങ്ങൾ നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നീക്കിയില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയാണ് കാണിക്കുന്നത്. നെഹ്രുവിനോട് എന്തിനാണിത്ര വിരോധമെന്ന് കേന്ദ്രസർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും സാമ്‌ന എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ സഞ്ജയ് റാവുത്ത് ലേഖനത്തിൽ ആവശ്യപ്പെടുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവരോടുള്ള മോദി സർക്കാരിന്റെ വിമർശം മനസ്സിലാക്കാം. ഖേൽ രത്ന പുരസ്കാരത്തിൽനിന്ന് രാജീവ് ഗാന്ധിയുടെ പേരു നീക്കിയത് കേന്ദ്രത്തിന്റെ ഈ വിദ്വേഷം മറനീക്കുന്നതാണ്. എന്നാൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജ്യനിർമിതിയിലെ പങ്ക് നിങ്ങൾക്ക് നശിപ്പിക്കാനാവില്ല. നെഹ്രുവിന്റെ പങ്ക് തമസ്കരിക്കുന്നവർക്ക് ചരിത്രത്തിൽ വില്ലന്റെ പരിവേഷമായിരിക്കുമുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു.