ബെംഗളൂരു: ഒരുകോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ. വിനോദസഞ്ചാര വിസയിലെത്തി കമ്മനഹള്ളിയിൽ താമസിച്ചുവന്നിരുന്ന യുവാവാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നേരത്തേ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു. കമ്മനഹള്ളിയിലെ താമസസ്ഥലത്തുനിന്ന് 400 ഗ്രാം എം.ഡി.എം.എ., ലഹരിഗുളികൾ എന്നിവ കണ്ടെടുത്തു. ഒരുകോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുകളാണ് ഇവയെന്ന് പോലീസ് അറിയിച്ചു. അതേസമയം അന്വേഷണം പുരോഗമിക്കുന്നതിനാൽ അറസ്റ്റിലായ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മുമ്പുണ്ടായിരുന്ന ബന്ധമുപയോഗിച്ച് മുംബൈയിൽ നിന്നാണ് ഇയാൾ മയക്കുമരുന്നുകൾ നഗരത്തിലെത്തിച്ചതെന്നാണ് കണ്ടെത്തൽ. സൗന്ദര്യവർധക വസ്തുക്കളുടെയും ടൂത്ത് പേസ്റ്റിന്റെയും കവറുകളിൽ ഒളിപ്പിച്ച് റോഡ് മാർഗമാണ് ഇവ നഗരത്തിലേക്ക് കടത്തിയിരുന്നത്. കോളേജ് വിദ്യാർഥികളും ഐ.ടി. കമ്പനി ജീവനക്കാരുമാണ് ഇയാളിൽനിന്ന് മയക്കുമരുന്നുകൾ വാങ്ങിയിരുന്നത്.

മുംബൈയിലും ബെംഗളൂരുവിലും രണ്ടുപേരുകളിലാണ് യുവാവ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞദിവസം വൈറ്റ്ഫീൽഡിൽനിന്ന് രണ്ടുകോടി രൂപയുടെ മയക്കുമരുന്നുകളുമായി ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ പിടിയിലായതിനു പിന്നാലെയാണ് മയക്കുമരുന്നുമായി നൈജീരിയക്കാരനും പിടിയിലായത്.