മുംബൈ: മറാഠാ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിന് പുതിയ തലവേദനയാകും. സർക്കാരിന്റെ വീഴ്ചയാണ് കോടതിയിൽനിന്നുള്ള തിരിച്ചടിക്ക് വഴിവെച്ചതെന്ന വിമർശനവുമായി ബി.ജെ.പി. രംഗത്തു വന്നുകഴിഞ്ഞു. പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് മറാഠാ സമുദായസംഘടനകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മറാഠാ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ഏർപ്പെടുത്താനായിരുന്നു സർക്കാരിന്റെ തീരുമാനം. സംവരണനിരക്ക് ജോലിയിൽ 12 ശതമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 13 ശതമാനവും ആയി കുറവുവരുത്തി ബോംബെ ഹൈക്കോടതി ഈ തീരുമാനം ശരിവെച്ചു. ഈ നിലയ്ക്കും സംസ്ഥാനത്തെ മൊത്തം സംവരണം 65 ശതമാനമാവും. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമാണ് ബോംബെ ഹൈക്കോടതിയുത്തരവ് എന്ന് ചൂണ്ടിക്കാണിച്ചാണ് സംവരണത്തെ എതിർക്കുന്നവർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി അനുവദിച്ച് സംവരണം സ്റ്റേചെയ്ത സുപ്രീംകോടതി വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന നിബന്ധന മറികടക്കാനുള്ള അസാധാരണ സാഹചര്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച അന്തിമവിധി പുറപ്പെടുവിച്ചത്.

മറാഠാ സംവരണം ആവശ്യപ്പെട്ട് 2016-’18 കാലത്ത് മഹാരാഷ്ട്രയിൽ 58 വൻ റാലികളാണ് നടന്നത്. ഇതോടനുബന്ധിച്ച് 56 ആത്മഹത്യകളുമുണ്ടായി. പല പ്രക്ഷോഭങ്ങളും അക്രമാസക്തമാവുകയും ചെയ്തിരുന്നു. അന്നത്തെ ബി.ജെ.പി.- ശിവസേന സർക്കാരാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽപ്പെടുത്തി മറാഠകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തി 2018-ൽ നിയമം കൊണ്ടുവന്നത്.

മറാഠാ സംവരണം അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ ഉത്തരവാദിത്വം നിയമം കൊണ്ടുവന്ന മുൻ സർക്കാരിനു തന്നെയാണെങ്കിലും അതേച്ചൊല്ലി ഇപ്പോഴത്തെ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. മറാഠാ സമുദായത്തിന് സംവരണം ഏർപ്പെടുത്തിയ അസാധാരണ സാഹചര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ ഉദ്ധവ് സർക്കാരിന് കഴിയാത്തതാണ് പ്രശ്നമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കുറ്റപ്പെടുത്തി. പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ഗായക് വാഡ് കമ്മിഷന്റെ ശുപാർശപ്രകാരമാണ് നിയമം കൊണ്ടുവന്നത്.

ഇക്കാര്യം ബോംബെ ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ അന്നത്തെ ഫഡ്‌നവിസ് സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ ഉദ്ധവ് സർക്കാർ ഉദാസീന നിലപാടാണ് സ്വീകരിച്ചത്. അതാണ് ഇത്തരമൊരു വിധിക്ക് വഴിവെച്ചത് -പാട്ടീൽ പറഞ്ഞു.