ന്യൂഡൽഹി: മാധ്യമറിപ്പോർട്ടിങ്ങിൽ നിയന്ത്രണം പാടില്ലെന്ന കാര്യത്തിൽ ഏകാഭിപ്രായമാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുവേണ്ടി നിലകൊള്ളുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും തിരഞ്ഞെടുപ്പുകമ്മിഷൻ. കോവിഡ് വ്യാപനത്തിനിടയിൽ തിരഞ്ഞെടുപ്പ് നടത്തിയതിനെതിരേ ചെന്നൈ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെതിരേ കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ച നടപടി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്രക്കുറിപ്പിലൂടെ വിശദീകരണം.

കേസ് പരിഗണിക്കുമ്പോൾ ജഡ്ജിമാർ നടത്തുന്ന നിരീക്ഷണങ്ങൾ പൊതുജനങ്ങളുടെ വിശാലതാത്‌പര്യത്തിനുവേണ്ടിയാണെന്നും അത് റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ തടയാനാവില്ലെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, സുപ്രീംകോടതിയെ സമീപിച്ച നടപടിയെച്ചൊല്ലി കമ്മിഷൻ അംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുകയുണ്ടായി.

തിരഞ്ഞെടുപ്പ് നടത്തുന്നതിലും രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾവഹിച്ച ക്രിയാത്മകപങ്കിനെ അംഗീകരിക്കുന്നു. മാധ്യമറിപ്പോർട്ടിങ്ങിൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്താൻ സുപ്രീംകോടതിക്കുമുമ്പാകെ ഒരു അഭ്യർഥനയും പാടില്ല എന്നതിൽ കമ്മിഷന് ഏകാഭിപ്രായമായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കംമുതൽ അവസാനംവരെയുള്ള എല്ലാ പ്രക്രിയകളിലും പ്രതേകിച്ച് സുതാര്യമായ കവറേജ്, പ്രചാരണം, പോളിങ് സ്റ്റേഷൻ തലംമുതൽ വോട്ടെണ്ണൽവരെയുള്ള സുതാര്യത ശക്തിപ്പെടുത്തൽ എന്നിവയിലെല്ലാം മാധ്യമങ്ങളുടെ പങ്ക് കമ്മിഷൻ പ്രത്യേകം അംഗീകരിക്കുന്നു. മാധ്യമസഹകരണത്തെക്കുറിച്ച് കമ്മിഷന്റെ സമീപനം ഒരു സ്വാഭാവിക സഖ്യകക്ഷി എന്നനിലയിലാണ്. അത് മാറ്റമില്ലാതെ തുടരും -കമ്മിഷൻ അറിയിച്ചു.