ന്യൂഡൽഹി: ആശുപത്രികളിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും തീപ്പിടിത്തംമൂലമുള്ള അപകടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക കർമപദ്ധതി വേണമെന്ന് കേന്ദ്രം. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയാണ് നിർദേശം നൽകിയത്.

രാജ്യത്ത് അടുത്തിടെ ആശുപത്രികളിലുണ്ടായ തീപ്പിടിത്തങ്ങളുടെ പശ്ചാത്തലത്തിലും വേനൽക്കാലം കണക്കിലെടുത്തുമാണിത്. ഉയർന്ന ചൂട്, അറ്റകുറ്റപ്പണികളുടെ അഭാവം, ചികിത്സാകേന്ദ്രങ്ങളിലെ വയറിങ്ങുകളിൽ ഉണ്ടാകാനിടയുള്ള ഉയർന്ന ലോഡ് എന്നിവ അപകടങ്ങൾക്ക് കാരണമാകാം. ആളുകളുടെ ജീവൻ അടക്കമുള്ളവ നഷ്ടമാകുന്നില്ല എന്ന് ഉറപ്പാക്കണം.

സംസ്ഥാനങ്ങളിലെ ആരോഗ്യപാലനകേന്ദ്രങ്ങളിലും ആശുപത്രികളിലും അഗ്നിരക്ഷാക്രമീകരണങ്ങൾ സജ്ജമാണ് എന്നത് ഉറപ്പാക്കാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കണം. ഇതിനായി ആരോഗ്യ, വൈദ്യുതി, അഗ്നിരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അവലോകനയോഗം നടത്തണം. പ്രവർത്തനയോഗ്യമായ സുരക്ഷാസജ്ജീകരണങ്ങളുടെ ലഭ്യതയും കെട്ടിടങ്ങളിലെ വയറിങ്ങുകളുടെ സുരക്ഷയും വിലയിരുത്താനായി ഫീൽഡ്തല ഉദ്യോഗസ്ഥർ ഇത്തരം ആരോഗ്യകേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലേക്കും ചികിത്സാകേന്ദ്രങ്ങളിലേക്കും 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണം -കത്തിൽ നിർദേശിച്ചു.