ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി വിദേശ രാജ്യങ്ങളിൽനിന്ന് ലഭിച്ച സഹായങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഇക്കാര്യത്തിൽ സുതാര്യമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എന്തൊക്കെയാണ് ഇന്ത്യക്ക്‌ ലഭിച്ചത്. എവിടെയാണവ. ആർക്കാണതിന്റെ ഗുണം. എങ്ങനെയാണവ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. എന്തുകൊണ്ടാണ് സുതാര്യത ഇല്ലാത്തത്’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോവിഡിനെ നേരിടുന്നതിൽ നരേന്ദ്രമോദി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞു. ‘വാക്സിനില്ല, തൊഴിലില്ല, കൊറോണ ആളുകളെ കൊല്ലുന്നു, മോദിസർക്കാരിന്റെ സമ്പൂർണ പരാജയം’ -രാഹുൽ അഭിപ്രായപ്പെട്ടു.