ന്യൂഡൽഹി: മറാഠാ വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന നിയമം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. ആകെ സവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ (മണ്ഡൽ കേസ്-1992) പ്രമാദമായ വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നടപടി. പിന്നാക്കവിഭാഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം സംബന്ധിച്ച് 2018-ൽ കൊണ്ടുവന്ന 102-ാം ഭരണഘടന ഭേദഗതിയും സുപ്രീംകോടതി ശരിവെച്ചു.

മറാഠാ സംവരണത്തെ ന്യായീകരിച്ച കേന്ദ്രത്തിന്റെ നിലപാടും ആകെ സംവരണം 50 ശതമാനം കവിയാമെന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദവും തള്ളിക്കൊണ്ടാണ് സുപ്രധാന വിധി. മഹാരാഷ്ട്ര കൊണ്ടുവന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള നിയമമാണ് (എസ്.ഇ.ബി.സി.) സുപ്രീംകോടതി റദ്ദാക്കിയത്.

തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 15 വകുപ്പുകൾക്കെതിരാണ് നിയമമെന്നും മറാഠാ വിഭാഗത്തിന് സംവരണം നൽകാനായി 50 ശതമാനത്തിന്റെ പരിധി മറികടക്കേണ്ട ‘അസാധാരണ സാഹചര്യം’ ഇല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മറാഠാ സംവരണത്തോടെ മഹാരാഷ്ട്രയിൽ ആകെ സംവരണം 68 ശതമാനമായിരുന്നു. നിയമം ശരിവെച്ച ബോംബെ ഹൈക്കോടതിക്കോ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനോ സംവരണ പരിധിമറികടക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ല. സംവരണത്തിന് 50 ശതമാനത്തിന്റെ പരിധി നിശ്ചയിച്ച ഇന്ദിരാ സാഹ്നി വിധി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചുരുങ്ങിയത് നാല് ഭരണഘടനാ ബെഞ്ചെങ്കിലും അത് ശരിവെച്ചതാണ്.

അതേസമയം, 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 342-എ വകുപ്പ് സംബന്ധിച്ച് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തി. ഗവർണർമാരുമായി ആലോചിച്ചശേഷം സംസ്ഥാനങ്ങളിൽ പിന്നാക്കവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരമാണ് 342-എ യിൽ പറയുന്നത്. പിന്നാക്കവിഭാഗങ്ങളെ തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതല്ല ഇതെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും അബ്ദുൾ നസീറും അഭിപ്രായപ്പെട്ടു. എന്നാൽ, പിന്നാക്കപട്ടിക നിശ്ചയിക്കാൻ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂവെന്ന് ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, ഇവരും 102-ാം ഭേദഗതി ശരിവെച്ചു.