ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വി. കല്യാണത്തിന് അന്ത്യാഞ്ജലി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിലായിരുന്നു ശവസംസ്കാരം. 1944 മുതൽ 1948 വരെ മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന കല്യാണം വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവർ കുറവായിരുന്നു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി ലോക കേരള സഭാംഗം കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും ചെന്നൈ ഗാന്ധി ദർശൻ സമിതിക്കു വേണ്ടി പി.കെ. രാമചന്ദ്രനും റീത്ത് സമർപ്പിച്ചു. ഗാന്ധി യുവ കേന്ദ്ര പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.

ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു ജീവിച്ച അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് വി. കല്യാണം എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഗാന്ധിജിയുടെ വ്യക്തിപരമായ ഓർമകൾ കാത്തുസൂക്ഷിച്ച അവസാന കണ്ണിയെയാണ് കല്യാണത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.