ന്യൂഡൽഹി: ഇന്ത്യക്കെതിരേയുള്ള പരാർശങ്ങളടങ്ങിയ ‘ഫ്രീഡം ഹൗസ് റിപ്പോർട്ട്’ തള്ളി കേന്ദ്രസർക്കാർ. 2014-ൽ എൻ.ഡി.എ. അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിന് ഇടിവുണ്ടായെന്നായിരുന്നു യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഡെമോക്രസി അണ്ടർ സീജ് എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തുവന്നത്.

റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഭിപ്രായപ്പെട്ടു. സർക്കാർ രാജ്യത്തെ എല്ലാ പൗരന്മാരെയും, ഭരണഘടന അനുശാസിക്കുന്നതുപോലെ തുല്യമായാണ് പരിഗണിക്കുന്നത്. 2019 ജനുവരിയിലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന്റെ കാര്യത്തിലും നിയമനിർവഹണ സംവിധാനം നിഷ്പക്ഷമായും നീതിയുക്തമായും പ്രവർത്തിച്ചെന്നും സർക്കാർ അഭിപ്രായപ്പെട്ടു.

ചർച്ചയും സംവാദവും വിയോജിപ്പും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും മാധ്യമപ്രവർത്തകർ ഉൾപ്പെടെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും കേന്ദ്രസർക്കാർ അതിപ്രാധാന്യം നൽകുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.