ലഖ്നൗ: നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശിലെ പീലിഭിത്ത് സ്വദേശി ഗോവിന്ദ സിങ്(20) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പടിഞ്ഞാറൻ നേപ്പാളിലെ കാഞ്ചൻപുർ ജില്ലയിലെ ബലൗരിയിലാണ് സംഭവം.

ഗോവിന്ദസിങ്ങടക്കം നാലംഗ സംഘം മയക്കുമരുന്നും കള്ളനോട്ടുകളും നേപ്പാളിലേക്ക് കടത്തുകയായിരുന്നെന്നും സുരക്ഷാഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തതായുമാണ് നേപ്പാൾ പോലീസിന്റെ ഭാഷ്യം. വ്യാജകറൻസി അടിക്കുന്ന രണ്ട് യന്ത്രങ്ങൾ, നോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, 65 ഗ്രാം ബ്രൗൺ ഷുഗർ, 25 ഗ്രാം മറ്റു മയക്കുമരുന്നുകൾ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തതായും നേപ്പാൾ പോലീസ് വ്യക്തമാക്കി.

അതേസമയം, സിങ് മറ്റു രണ്ടുപേർക്കൊപ്പം വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ കാഞ്ചൻപുരിൽ വിപണനമേളയിൽ പങ്കെടുക്കാൻ പോയതാണെന്ന് പീലിഭിത്ത് പോലീസ് വ്യക്തമാക്കി. തർക്കത്തെത്തുടർന്നാണ് നേപ്പാൾ പോലീസ് ഇവർക്കുനേരെ വെടിയുതിർത്തതെന്ന് പീലിഭിത്ത് പോലീസ് സൂപ്രണ്ട് ജയ്‌പ്രകാശ് യാദവ് പറഞ്ഞു.