ചെന്നൈ: രാഷ്ട്രീയത്തിലെ താരങ്ങളായിരുന്ന എം. കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന്റെ ശൂന്യത നികത്താനുള്ള പരീക്ഷണശാലയാണ് ഇത്തവണത്തെ തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പ്. ദ്രാവിഡകക്ഷികളുടെ മുഖ്യമന്ത്രി സ്ഥാനാർഥികൾക്ക് പറയത്തക്ക തലയെടുപ്പോ ആകർഷണീയതയോ ഇല്ല. എ.ഐ.എ.ഡി.എം.കെ.യിൽ എടപ്പാടി പളനിസ്വാമിയും ഡി.എം.കെ.യിൽ എം.കെ.സ്റ്റാലിനുമാണ് മുഖ്യമന്ത്രി സ്ഥാനാർഥികൾ. ഇതിലുപരി ഇരുവരും മുഖ്യരാഷ്ട്രീയ എതിരാളികൾകൂടിയായി മാറുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ കരുത്തുതെളിയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വവുമുണ്ട്.

ജയലളിതയുടെ മരണശേഷം ശശികലയാണ് മുഖ്യമന്ത്രിസ്ഥാനം പളനിസ്വാമിയെ ഏൽപ്പിച്ചത്. വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും തന്റെ പിതാവുപോലും നൽകാത്ത പദവി അലങ്കരിക്കുകയെന്നത് സ്റ്റാലിന്റെ അഭിമാനപ്രശ്നംകൂടിയാണ്. പളനിസ്വാമി അധികാരത്തിന്റെ രുചിയറിഞ്ഞയാൾ. സ്റ്റാലിൻ അധികാരം രുചിക്കാൻ കാത്തിരിക്കുന്നയാൾ. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക.

ജനവിശ്വാസം ആർജിക്കുകയാണ് പ്രഥമലക്ഷ്യം. താഴേത്തട്ടിലിറങ്ങിയാണ് ഇരുവരുടെയും പ്രവർത്തനം. ജനസമ്പർക്കയാത്ര നടത്തി ഗ്രാമീണജനങ്ങളെ സ്റ്റാലിൻ കൈയിലെടുക്കുന്നു. കർഷകർക്കിടയിൽ ഇറങ്ങിക്കളിക്കുകയാണ് പളനിസ്വാമി. തമിഴ്‌നാട്ടിൽ ഒരു മുഖ്യമന്ത്രി കർഷകർക്കൊപ്പം മണിക്കൂറുകൾ ചെലവഴിക്കുന്നത് വിശ്വസിക്കാനാവാത്ത കാഴ്ചകൂടിയാണ്. വ്യക്തികേന്ദ്രിതരാഷ്ട്രീയം പതുക്കെ മായുന്നതിന്റെ തെളിവുകൂടിയാണിത്. സ്റ്റാലിനെയും പളനിസ്വാമിയെയും വളരെ നേരത്തേത്തന്നെ അവരുടെ പാർട്ടികൾ മുഖ്യമന്ത്രി സ്ഥാനാർഥികളായി നിശ്ചയിച്ചതാണ്. അഞ്ചുമാസംമുമ്പുതന്നെ പ്രചാരണവും തുടങ്ങി.

നേരത്തേ ജയലളിതയും കരുണാനിധിയുമൊക്കെയായിരുന്നു ബുദ്ധിയുടെ ഉറവിടമെങ്കിൽ ഇപ്പോൾ എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെയും രാഷ്ട്രീയ ഉപദേശകരെയും ഏജൻസികളെയും വിലകൊടുത്തുവാങ്ങിയിരിക്കയാണ്. ഡി.എം.കെ.യുടെ അനിഷേധ്യ നേതാവായി സ്റ്റാലിൻ വളർന്നെങ്കിലും സഹോദരൻ അഴഗിരിയെപ്പോലെ സ്വന്തം കുടുംബത്തിൽത്തന്നെ അദ്ദേഹത്തിന് ശത്രുക്കളുണ്ട്. പളനിസ്വാമിക്ക്‌ ഭീഷണി താനുമായി മാനസിക അകൽച്ചയുള്ള ഉപമുഖ്യമന്ത്രി ഒ.പനീർശെൽവമാണ്.

സ്റ്റാലിനും പളനിസ്വാമിയും പോരാടുമ്പോൾ സഖ്യകക്ഷികൾക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷിച്ച സീറ്റുകളാണ്. തനിച്ച്‌ ഭൂരിപക്ഷം ലഭിച്ചാൽ ഭരണം സുഗമമാകുമെന്നുകരുതി എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും സഖ്യകക്ഷികൾക്ക് പിശുക്കിയാണ് സീറ്റുകൾ നൽകുന്നത്. മക്കൾ നീതി മയ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത് കമൽഹാസനെയാണ്.