അഹമ്മദാബാദ്: പൊതു അവധിദിവസങ്ങളിൽപ്പോലും സന്ദർശകർക്കായി തുറന്നിരിക്കുന്ന മഹാത്മാഗാന്ധിയുടെ സാബർമതി ആശ്രമം കോവിഡ് കാരണം അടച്ചിട്ടത് ഒമ്പതുമാസം. തിങ്കളാഴ്ച നിയന്ത്രണങ്ങളോടെ ആശ്രമത്തിൽ സന്ദർശകരെ പ്രവേശിപ്പിച്ചുതുടങ്ങി.

കഴിഞ്ഞ മാർച്ച് 20-നാണ് ആശ്രമം കോവിഡ് ലോക്ഡൗണിനെത്തുടർന്ന് അടച്ചത്. ഇപ്പോൾ മ്യൂസിയം, ഗാന്ധിജിയുടെ വാസസ്ഥലമായ ഹൃദയകുഞ്ച് എന്നിവയാണ് രാവിലെ പത്തുമുതൽ അഞ്ചുവരെ തുറന്നുകൊടുത്തത്. ബുക്ക്സ്റ്റോർ, ഖാദി സ്റ്റോർ, ചർക്ക ഗാലറി എന്നിവ തത്‌കാലം തുറക്കില്ലെന്ന് ഡയറക്ടർ അതുൽ പാണ്ഡ്യ പറഞ്ഞു.

1917 മുതൽ 1930 വരെ ഗാന്ധിജിയുടെ പ്രവർത്തനകേന്ദ്രമായിരുന്ന സാബർമതിയിൽ ദിവസവും രണ്ടായിരത്തോളം സന്ദർശകർ എത്താറുള്ളതാണ്. അവധിയില്ല എന്നതാണ് മ്യൂസിയത്തിന്റെയും ആശ്രമത്തിന്റെയും സവിശേഷത. നൂറുവർഷംമുമ്പ് നഗരത്തിൽ പ്ളേഗ് പടർന്നപ്പോഴും സാബർമതി അടച്ചിട്ടില്ല. അന്തേവാസികൾ രോഗപ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. കോവിഡിലെ അടച്ചിടൽ അതിനാൽ ചരിത്രത്തിൽ ആദ്യത്തേതുമായി.