ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലിയടക്കം 89 പേർ കൂടി സിവിൽ സർവീസിലേക്ക്. ന്യൂഡൽഹിയിലെ രാംജാസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) പൂർത്തിയാക്കിയ അഞ്ജലി 2019-ൽ ആദ്യ ശ്രമത്തിൽതന്നെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചിരുന്നു. പിതാവിനെപ്പോലെ സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യണമെന്നും മൂത്ത സഹോദരി ആകാംക്ഷയാണ് തന്റെ വിജയത്തിനു പിന്നിലെന്നും അഞ്ജലി പറഞ്ഞു.

2019-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം 2020 ഓഗസ്റ്റ് നാലിനാണ് പ്രഖ്യാപിച്ചത്. ഇതിൽ 829 പേരെയാണ് ആദ്യഘട്ടത്തിൽ ശുപാർശചെയ്തത്. 927 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിനാൽ പിന്നീട് റിസർവ് ലിസ്റ്റിൽനിന്ന് അഞ്ജലി ഉൾപ്പടെ 89 പേരെക്കൂടി കമ്മിഷൻ ശുപാർശ ചെയ്യുകയായിരുന്നു.