മുംബൈ: ബിഹാർ യുവതി നൽകിയ വഞ്ചനാകേസുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയുടെപേരിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, മുംബൈയിലെ കെട്ടിടനിർമാതാവ് ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴി. കേസിലെ പ്രമുഖ സാക്ഷികളിൽ ഒരാളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ അന്ധേരിയിലെ കെട്ടിട നിർമാതാവ് മിസ്റ്റർ ദുബെ ജി ശ്രമിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. ബിനോയ് കോടിയേരിക്ക് വേണ്ടിയാണ് മിസ്റ്റർ ദുബെജി ഇക്കാര്യം ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്.

അന്ധേരിയിലെ സ്റ്റാർവിങ്‌ ഡെവലപേഴ്‌സ് കമ്പനിയുടെ ഡയറക്ടറായ രാജീവ് ദുബെയെയാണ് കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ വ്യാപാര ബന്ധങ്ങളുള്ള രാജീവ് ദുബെ, 11 കമ്പനികളുടെ ഡയറക്ടറാണ്. കേരളത്തിൽ സജീവ സാന്നിധ്യമായ ഷെയർ സ്‌പേസ് കമ്പനിയുടെ ഡയറക്ടറും നിക്ഷേപകനുമാണ് ഇദ്ദേഹം.

സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ബന്ധുവായ വേണു കൃഷ്ണന്റെ മകളുടെതാണ് ഷെയർ സ്പേസ് കമ്പനി. ബിനോയ് കോടിയേരി മുംബൈയിൽ എത്തുന്ന സമയത്ത് വാഹനം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും രാജീവ് ദുബെ എന്ന കെട്ടിടനിർമാതാവാണ് നൽകാറുള്ളത്.