ചെന്നൈ: പെരമ്പലൂർ ജില്ലയിൽ വീട്ടിൽപ്രസവിച്ച യുവതിയും നവജാതശിശുവും ദുരൂഹസാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വേപ്പൻതട്ടൈ താലൂക്കിലെ അങ്കൂർ സ്വദേശി ദിലീപ്കുമാറിന്റെ ഭാര്യ സെൽവറാണി(36)യാണ് മരിച്ചത്. ഇവർക്ക് പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

പൂർണഗർഭിണിയായ യുവതിക്ക് കഴിഞ്ഞദിവസം രാത്രി പെട്ടെന്നാണ് പ്രസവ വേദനയുണ്ടായത്. തുടർന്ന് വീട്ടിൽത്തന്നെ പ്രസവിച്ചു. പെൺകുഞ്ഞാണ് ജനിച്ചത്. പിന്നാലെ സെൽവറാണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആംബുലൻസ് വിളിച്ച് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരും വഴിമധ്യേ മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതോടെ മൃതദേഹങ്ങൾ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന് അന്ത്യകർമങ്ങൾക്ക് ഏർപ്പാടാക്കി.

വിവരമറിഞ്ഞ മംഗലമേട് പോലീസ് വീട്ടിലെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പെരമ്പലൂർ സർക്കാർ ആശുപത്രിയിലേക്കയച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലെത്തിക്കാതെ മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയതിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.