ചെന്നൈ: ഹൊസൂരിലെ സർക്കാർ സ്കൂളിൽ അധ്യാപികയെ തിരിച്ചുതല്ലിയ പ്ലസ് വൺ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. വിദ്യാർഥിയെ തല്ലിയ 42-കാരിയായ അധ്യാപികയ്‌ക്കെതിരേയും വകുപ്പുതല നടപടിയെടുക്കും.

കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇംഗ്ലീഷ് ക്ലാസ് നടക്കുന്നതിനിടെ ബെഞ്ച് മാറിയിരുന്ന വിദ്യാർഥിയെ അധ്യാപിക വഴക്കുപറയുകയും തല്ലുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്നെ അടിച്ച അധ്യാപികയെ വിദ്യാർഥി തിരിച്ചുതല്ലി. ഇതേക്കുറിച്ച് അധ്യാപിക സ്കൂളിൽ പരാതിപ്പെട്ടിരുന്നു. സംഭവം വലിയ ചർച്ചയായതോടെ വിദ്യാഭ്യാസവകുപ്പ് അധികൃതർ സ്കൂളിലെത്തി അന്വേഷണം നടത്തി. തുടർന്നാണ് അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥിയെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. വിദ്യാർഥിക്ക് കൗൺസലിങ് നൽകാനും തീരുമാനമായി. സർവീസ് ചട്ടലംഘനം നടത്തിയതിന് അധ്യാപികയ്‌ക്കെതിരേ വൈകാതെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.