ബെംഗളൂരു: ബെംഗളൂരുവിൽ ഒമിക്രോൺ ബാധിച്ച ഡോക്ടർ സുഖം പ്രാപിച്ചുവരുന്നു. ബെംഗളൂരു ബൗറിങ് ആശുപത്രിയിലെ ഒമിക്രോൺ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അദ്ദേഹത്തിന് ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നുമില്ല. അടുത്ത ദിവസം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയേക്കും.

സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ അനസ്തേഷ്യാവിദഗ്ധനായ നാല്പത്തിയാറുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോൺവകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 22-ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. വീട്ടിൽ സമ്പർക്ക വിലക്കിലായിരുന്ന ഇദ്ദേഹത്തെ 25-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം 27-ന് വീട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റെ സ്രവസാമ്പിളിന്റെ ഘടനയിൽ സംശയംതോന്നി ജനിതക ശ്രേണീകരണത്തിനയച്ചതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തുടർന്ന് വീണ്ടും ആശുപത്രിയിൽ സമ്പർക്ക വിലക്കിൽ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കത്തിൽ വന്ന ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രൗണിങ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച ഇവർക്കും ഇപ്പോൾ രോഗലക്ഷണങ്ങളില്ല. ജനിതക ശ്രേണീകരണത്തിനയച്ച ഇവരുടെ സാമ്പിളിന്റെ പരിശോധനാഫലം വന്നിട്ടില്ല.