മുംബൈ: ബാറുടമകളിൽനിന്നും കെട്ടിട നിർമാതാക്കളിൽനിന്നും മുൻ പോലീസ് ഓഫീസർ സച്ചിൻവാസേ പണംപിരിച്ചത് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ്ങിനു വേണ്ടിയായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. പിരിച്ച പണത്തിന്റെ 75 ശതമാനം സിങ്ങിനുനൽകിയെന്നും ബാക്കി പണം വാസേ കൈവശം വെച്ചെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ബാറുടമയിൽനിന്ന് ഭീഷണിപ്പെടുത്തി പണംപിരിച്ചെന്ന കേസിൽ ഗൊരേഗാവ് പോലീസെടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദിവസം രണ്ടുകോടി രൂപ പിരിച്ചു നൽകണമെന്നാണ് പരംബീർ സിങ് നിർദേശിച്ചതെന്ന് സച്ചിൻ വാസേ പറഞ്ഞതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സഞ്ജയ് പാട്ടീൽ മൊഴിനൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. പോലീസിലെ ഒന്നാമനുവേണ്ടിയാണ് പണം പിരിക്കുന്നതെന്നാണ് വാസേ പറഞ്ഞത്. പരംബീർ സിങ്ങിനെയാണ് വാസേ ഒന്നാമൻ എന്നു വിശേഷിപ്പിച്ചത്. പിരിച്ചെടുക്കുന്ന പണത്തിന്റെ 75 ശതമാനം സിങ്ങിനു നൽകുമെന്നും ബാക്കിയുള്ളത് താൻ കൈവശം വെക്കുമെന്നും വാസേ പറഞ്ഞതായി നാരായൺ മുൻഡാന എന്ന സാക്ഷിയുടെ മൊഴിയുണ്ട്. മുംബൈ പോലീസ് കമ്മിഷണറായിരിക്കേ പരംബീർ സിങ് ഒമ്പതുലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് കാണിച്ച് ബിസിനസുകാരനായ ബിമൽ അഗർവാൾ നൽകിയ പരാതിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത സിങ്ങിനെതിരേ സമർപ്പിക്കുന്ന ആദ്യത്തെ കുറ്റപത്രമാണിത്. സിങ്ങിനു വേണ്ടി പണപ്പിരിവുനടത്തിയ സച്ചിൻ വാസേയും സുമിത് സിങ്, അൽപേഷ് പട്ടേൽ എന്നിവരും കൂട്ടുപ്രതികളാണ്.

വാസേയുടെ കൂട്ടാളിയായിരുന്ന അൽപേഷ് പട്ടേലിന് 35 ലക്ഷം രൂപ നൽകിയതായി മനൻ നായക് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. വാതുവെപ്പു കേസിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. 2020 ഓഗസ്റ്റ് 31-ന് വാസേയുടെ നേതൃത്വത്തിൽ ബാർ ഉടമകളുടെയും വാതുവെപ്പുകാരുടെയും യോഗം വിളിച്ചതായി കുറ്റപത്രത്തിലുണ്ട്. പണംപിരിക്കുന്നത് പോലീസിലെ ഒന്നാമനു വേണ്ടിയാണെന്ന് വാസേ പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത അഞ്ച് ബാറുടമകൾ മൊഴി നൽകിയിട്ടുണ്ട്. സമാനമായ അഞ്ചു കേസുകളിൽ പരംബീർ സിങ് അന്വേഷണം നേരിടുന്നുണ്ട്.

പരംബീർ സിങ്ങിനെ ഇ.ഡി. ചോദ്യം ചെയ്തു

മുംബൈ: മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരായ അനധികൃത പണമിടപാടുകേസിൽ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.)മൊഴി നൽകി. മുംബൈയിലെ ഇ.ഡി. ഓഫീസിൽ സിങ്ങിനെ കഴിഞ്ഞദിവസം അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈയിലെ ബാറുകളിൽനിന്ന് മാസം 100 കോടി രൂപ വീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണാറായിരുന്ന പരംബീർ സിങ്ങിെന്റ പരാതിയിലാണ് ഇ.ഡി അന്വേണം ഏറ്റെടുത്തത്. തുടർന്ന് ദേശ്‌മുഖും അറസ്റ്റിലായി.