ന്യൂഡൽഹി: പുതിയ അണക്കെട്ടുകൾ നിർമിക്കാൻ തടസ്സം ശക്തമായ പരിസ്ഥിതിലോബിയാണെന്ന് ഡോ. സഞ്ജയ് ജെയ്‌സ്വാൾ അധ്യക്ഷനായ ജലവിഭവപാർലമെന്ററി സമിതിക്കുമുമ്പാകെ കേരള സർക്കാർ വ്യക്തമാക്കി. വനസംരക്ഷണനിയമം, വന്യജീവിസംരക്ഷണ നിയമം എന്നിവ നടപ്പായപ്പോൾ അണക്കെട്ടുകൾക്കുള്ള അനുമതിക്ക് ഒട്ടേറെ തടസ്സങ്ങൾ വന്നു. മറ്റുസംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ അധികം സ്ഥലമില്ല. വനമേഖലയിലാണ് മിക്ക ജലസംഭരണികളും. ഇത്‌ സംസ്ഥാനത്തിന്റെ 28 ശതമാനം പ്രദേശം വരുമെന്നും കേരള സർക്കാരിനുവേണ്ടി ഹാജരായ ഉദ്യോഗസ്ഥർ സമിതിമുമ്പാകെ അറിയിച്ചു.

2018-ൽ പ്രളയമുണ്ടാവുമ്പോൾ കേന്ദ്ര ജലകമ്മിഷന്റെ വെള്ളപ്പൊക്കപ്രവചനകേന്ദ്രം കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ അപേക്ഷയും നൽകിയിരുന്നില്ല. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലേ വെള്ളപ്പൊക്ക പ്രവചനകേന്ദ്രങ്ങൾ സ്ഥാപിക്കൂവെന്ന നയം ജലകമ്മിഷൻ പുനഃപരിശോധിക്കണം. കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് രാജ്യത്ത് കൂടുതൽ പ്രളയങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പുനൽകി.