ചെന്നൈ: അതിർത്തിജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരളത്തിൽനിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്‌നാട് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോയമ്പത്തൂർ, തിരുപ്പൂർ, പോത്തന്നൂർ, തിരുനെൽവേലി, തെങ്കാശി, ചെങ്കോട്ട എന്നീ റെയിൽവേ സ്റ്റേഷനുകളിലെത്തുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് കർശനമാക്കിയത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതാത്തവരുടെ സാംപിളുകൾ ശേഖരിക്കുകയും മേൽവിലാസം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവർക്ക് രോഗം സ്ഥിരീകരിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. കേരളത്തോടൊപ്പം തമിഴ്നാട്ടിലും പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെയാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തമിഴ്‌നാട്ടിൽ പ്രതിദിന രോഗികളുടെ എണ്ണം 1750-ലേക്ക് കുറഞ്ഞിരുന്നു. എന്നാലിപ്പോൾ 2,000-ത്തിലേക്ക് ഉയർന്നിരിക്കുകയാണ്.

ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്‌മോർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ രാവിലത്തെ തീവണ്ടികളിൽ വന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിരുന്നില്ല. എന്നാൽ, വൈകീട്ട് 3.50-ന് മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കെത്തിയ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസിലെ 27 പേരുടെ സാംപിളുകൾ റെയിൽവേ സംരക്ഷണസേനയുടെ സഹായത്തോടെ കോർപ്പറേഷൻ അധികൃതർ ശേഖരിച്ചു. യാത്രക്കാരുടെ പേരും മേൽവിലാസവും ഫോൺനമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ചെന്നൈ സെൻട്രൽ, എഗ്‌മോർ റെയിൽവേ സ്റ്റേഷനുകളിൽ കേരളത്തിൽനിന്ന് വരുന്നവരെ കണ്ടെത്തി സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.