ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രശിലാസ്ഥാപനത്തെ കക്ഷിഭേദമില്ലാതെ േനതാക്കൾ സ്വാഗതംചെയ്തു. വികസനം ദേശീയ ഐക്യത്തിനും മൈത്രിക്കും വഴിതുറക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
* മമതാ ബാനർജി, പശ്ചിമബംഗാൾ മുഖ്യമന്ത്രി: ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ എല്ലാവരും സഹോദരങ്ങൾ. എന്റെ ഭാരതം ബൃഹത്തായത്, നമ്മുടെ ഹിന്ദുസ്ഥാൻ വലുത്. നാനാത്വത്തിൽ ഏകത്വമെന്ന പുരാതനപാരമ്പര്യം നമ്മുടെ ഭാരതം എല്ലായ്‌പ്പോഴും ഉയർത്തിപ്പിടിച്ചിരുന്നു. അത് നാം അവസാനശ്വാസംവരെ സംരക്ഷിക്കും.
* അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി: രാമഭഗവാന്റെ അനുഗ്രഹം നമുക്ക് ലഭിച്ചുകൊണ്ടിരിക്കട്ടെ. ഈ അനുഗ്രഹം ദാരിദ്ര്യത്തിൽനിന്നും പട്ടിണിയിൽനിന്നും രാജ്യത്തെ രക്ഷിക്കട്ടെ. ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യവും വരുംനാളുകളിലെ നേതാവുമായി ഇന്ത്യ ഉയർന്നുവരികയാണ്. ജയ് ശ്രീരാം. ജയ് ബജ്‌റംഗ്‌ബലി.
* രവിശങ്കർ പ്രസാദ്, വാർത്താവിതരണമന്ത്രി: ഈ മഹാക്ഷേത്രം രാജ്യത്തിന്റേതുകൂടിയാണ്. ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെയും സ്വയാദരത്തിന്റെയും ആത്മീയപാരമ്പര്യത്തിന്റെയും ഉത്സവം കൂടിയാണത്.
* രൺദീപ്‌സിങ് സുർജേവാല, കോൺഗ്രസ് മുഖ്യവക്താവ്: രാമഭഗവാൻ ഉദ്ഘോഷിച്ച ത്യാഗം, ചുമതലാബോധം, ഭൂതദയ, കാരുണ്യം, ഐക്യം, സാഹോദര്യം, മൈത്രി, മര്യാദ എന്നീ ഉത്കൃഷ്ട മാതൃകകൾ രാജ്യത്തിന്റെ ചാലകശക്തിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
* അശോക് ഗഹ്‌ലോത്, രാജസ്ഥാൻ മുഖ്യമന്ത്രി: രാമഭഗവാന് നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും സവിശേഷസ്ഥാനമുണ്ട്. സത്യം, നീതി, സമത്വം, ഭൂതദയ, സാഹോദര്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിക്കുന്നത്. രാമൻ സ്വീകരിച്ച മൂല്യങ്ങളിൽ അധിഷ്ഠിതമായ സമത്വപൂർണ സമൂഹം സ്ഥാപിക്കുന്നതിലാണ് നാം ശ്രദ്ധയൂന്നേണ്ടത്.
* അഖിലേഷ് യാദവ്, എസ്.പി. നേതാവ്: മര്യാദാപുരുഷോത്തമൻ കാണിച്ച പാത ഇന്നത്തെയും വരുംകാലങ്ങളിലെയും തലമുറകൾ പിന്തുടരുമെന്നും എല്ലാവർക്കും നന്മയും സമാധാനവും കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.
* ശശി തരൂർ, കോൺഗ്രസ് എം.പി.: തുല്യനീതി, ധർമബോധമുള്ള പെരുമാറ്റം, പക്ഷപാതിത്വമില്ലാത്ത, നിശ്ചയാദർഢ്യമുള്ള ഇടപെടൽ, ധാർമികമായ ആർജവം, ധീരത എന്നിവയുടെയെല്ലാം മൂർത്തീഭാവമാണ് രാമൻ. ഇരുണ്ടകാലങ്ങളിൽ ഈ മൂല്യങ്ങളെല്ലാം അത്യാവശ്യമാണ്. ഇവ രാജ്യമെങ്ങും പരന്നാൽ, രാമരാജ്യം മതഭ്രാന്തിന്റെ ജയഘോഷപ്രകടനവേളയാകില്ല.