ന്യൂഡൽഹി: ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അഡ്വ. പ്രശാന്ത് ഭൂഷണെതിരേ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി വിധിപറയാൻ മാറ്റി. ട്വീറ്റിനെ ന്യായീകരിച്ച് പ്രശാന്ത് ഭൂഷൺ കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകിയിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അഡ്വ. മെഹക് മഹേശ്വരിയുടെ ഹർജിയിലാണ് സുപ്രീംകോടതി ഭൂഷണെതിരേ കോടതിയലക്ഷ്യ കേസെടുത്തത്. മോട്ടോർസൈക്കിൾ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കഴഞ്ഞമാസം നാഗ്പുരിൽവെച്ച് ആഡംബര ബൈക്കായ ഹാർലി ഡേവിഡ്‌സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂൺ 29-ന് ഭൂഷൺ ട്വീറ്റ് ചെയ്തത്. ‘ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’വെന്നായിരുന്നു ട്വീറ്റ്.
മുൻ ചീഫ് ജസ്റ്റിസുമാരെ ലക്ഷ്യമിട്ടായിരുന്നു ജൂൺ 27-ലെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരൻമാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു അത്.
മാസ്‌കും ഹെൽമെറ്റും വെക്കാതെ ചീഫ് ജസ്റ്റിസ് ബൈക്കിലിരിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടാനാണ് പ്രസ്തുത ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതെന്ന് ഭൂഷൺ പറഞ്ഞു. മൂന്നു മാസത്തിലേറെയായി സുപ്രീംകോടതി അടച്ചിട്ടതുവഴി ജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പട്ടതിൽ തന്റെ അമർഷം രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ച് പറഞ്ഞത് അക്കാര്യങ്ങളിൽ തന്റെ ആത്മാർഥമായ അഭിപ്രായമാണെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.