ന്യൂഡൽഹി: ഭഗവാൻ ശ്രീരാമൻ മാനുഷികനന്മകളുടെ മൂർത്തരൂപമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ക്രൂരതയോ വെറുപ്പോ അനീതിയോ ശ്രീരാമനിലില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയയുടനായിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്.
“എല്ലാ ഗുണങ്ങളും തികഞ്ഞ ശ്രീരാമൻ മനുഷ്യനന്മകളുടെ മൂർത്തീഭാവമാണ്. നമ്മുടെയെല്ലാം ഹൃദയത്തിൽ മനുഷ്യത്വമായി അദ്ദേഹം കുടികൊള്ളുന്നുണ്ട്. ശ്രീരാമൻ സ്നേഹമാണ്. അദ്ദേഹത്തിന് വെറുപ്പായി പ്രത്യക്ഷപ്പെടാൻ സാധിക്കില്ല. രാമൻ ദയയും അലിവുമാണ്. അദ്ദേഹത്തിനു ക്രൂരനാവാൻ പറ്റില്ല. രാമൻ നീതിയാണ്. അനീതിയുടെ രൂപത്തിൽ അദ്ദേഹം ഒരിക്കലും പ്രത്യക്ഷമാവില്ല” -രാഹുൽ പറഞ്ഞു.
ശ്രീരാമന്റെ ഗുണങ്ങൾ വാഴ്ത്തിയതല്ലാതെ, അയോധ്യയിലെ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് രാഹുൽ ഒന്നും പ്രതികരിച്ചില്ല. രാമക്ഷേത്ര നിർമാണം ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേളയാണെന്നും ശ്രീരാമൻ ഏവരുടെതുമാണെന്നും പ്രിയങ്കാഗാന്ധി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.