ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ തിങ്കളാഴ്ച വ്യോമസേനാ ഹെലികോപ്റ്ററുകൾ എത്തി. തെഹ്‌രി തടാകത്തിൽനിന്ന്‌ ജലം ശേഖരിച്ചാണ് ഹെലികോപ്റ്ററുകൾ തീയണയ്ക്കുന്നത്.

ഗർവാൾ മേഖലയിലെ ഗജ, പോഖ്‌രി, ക്വിലി എന്നിവിടങ്ങളിലെ കാട്ടുതീയണയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു ഹെലികോപ്റ്ററിൽ 3500 ലിറ്റർ വെള്ളം സംഭരിക്കാനാകും. തടാകത്തിൽനിന്ന് തടസ്സമില്ലാതെ വെള്ളം ശേഖരിക്കുന്നതിനായി തെഹ്‌രി തടാകത്തിലെ ബോട്ടിങ് നിർത്തിവെച്ചിട്ടുണ്ട്.

കാട്ടുതീയിൽ നൈനിറ്റാൾ, അൽമോറ, തെഹ്‌രി, പൗരി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് വനംവകുപ്പധികൃതർ അറിയിച്ചു.

ഈ വർഷം ജനുവരിമുതൽ സംസ്ഥാനത്ത് 983 കാട്ടുതീയാണ് ഉണ്ടായത്. ഇതിൽ ഏകദേശം 1292 ഹെക്ടർ വനഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു.