അനുയായികൾ അസമിന്റെ ചാണക്യനെന്നും രാഷ്ട്രീയ നിരീക്ഷകർ അസമിന്റെ അമിത് ഷായെന്നുമാണ് ഹിമന്ദ ബിശ്വ ശർമയെ വിളിക്കുന്നത്. എന്നാൽ, വിളിപ്പേരുകൾ ലക്ഷ്യമിടുന്നതിനപ്പുറം കൊണ്ടും കൊടുത്തും ഹിമന്ദ അസമിൽ കളംനിറയുന്നു. തന്ത്രങ്ങൾ മെനഞ്ഞും കരുനീക്കങ്ങൾ നടത്തിയും ചടുലവേഗത്തിൽ എതിർപാളയത്തെ ആക്രമിച്ചും സ്വന്തം തട്ടകത്തെ പ്രതിരോധിച്ചും ഹിമന്ദ ബി.ജെ.പി.ക്ക് ഇടമൊരുക്കുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാനായി അമിത് ഷാ കോൺഗ്രസിൽ നിന്നടർത്തിയെടുത്ത ഈ അമ്പത്തിയൊന്നുകാരനാണ് അസമിലെ ബി.ജെ.പി.യുടെ മുഖം. സർബാനന്ദ് സോനോവാളാണ് മുഖ്യമന്ത്രിയെങ്കിലും അസമിൽ ബി.ജെ.പി.യുടെ വിലാസം ഹിമന്ദയാണ്. പതിനഞ്ചുവർഷം തരുൺ ഗൊഗോയിയുടെ വിശ്വസ്തനായിരുന്ന ഹിമന്ദ 2015 മുതൽ അമിത് ഷായുടെ വലംകൈയാണ്. ഗുവാഹാട്ടി സർവകലാശാലയിൽനിന്ന് നിയമത്തിൽ പിഎച്ച്.ഡി. നേടിയ ഹിമന്ദ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരാഷ്ട്രീയത്തിലെത്തിയത്.

2001 മുതൽ ജലൂക്ബാഡ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നു. തരുൺഗൊഗോയ് മന്ത്രിസഭയിലും ബി.ജെ.പി. മന്ത്രിസഭയിലും പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി. ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, അസമിൽ സാധ്യതയുടെ വിരലുകൾ നീളുന്നത് ഹിമന്ദയിലേക്കാണ്. ഗുവാഹാട്ടി നഗരത്തിനുള്ളിൽ ഖാനാപാഡയിലെ പുതിയ എം.എൽ.എ. ഹോസ്റ്റലിലെ വസതിയിൽ കാണുമ്പോൾ ‘മാതൃഭൂമി’യോട്‌ ഹിമന്ദ സംസാരിച്ചു.

-ബി.ജെ.പി. വിജയിച്ചാൽ ഇക്കുറി താങ്കളായിരിക്കും മുഖ്യമന്ത്രിയെന്നാണല്ലോ പ്രവർത്തകരുടെ സംസാരം. എന്തു പറയുന്നു?

ബി.ജെ.പി.ക്ക്‌ പാർലമെന്ററി ബോർഡുണ്ട്. അവരാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. പാർലമെന്ററി ബോർഡിന്റെ കൈയിൽ എല്ലാ വിവരങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾ അവർ ആവിഷ്കരിക്കും. ഇത്തവണ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാർട്ടിയുടെ തീരുമാനമാണ്. എല്ലാവരും അത് അനുസരിക്കണം.

-അവസാന ഘട്ടത്തിലെത്തുമ്പോൾ വർഗീയ ധ്രുവീകരണമാണല്ലോ അസമിൽ ദൃശ്യമാകുന്നത്. ബി.ജെ.പി.യാണ് ഇതിനു പിന്നിലെന്ന് മഹാസഖ്യം ആരോപിക്കുന്നു. ശരിയാണോ ?

അസമിൽ വർഗീയ ധ്രുവീകരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, അസമിന്റെ സംസ്കാരത്തിനെതിരേയും ഭാഷയ്ക്കെതിരേയും സ്വത്വത്തിനെതിരേയും ഭീഷണിമുഴക്കുന്ന ഒരു വിഭാഗത്തിനെതിരേ അസമിലെ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ട്. അത് ഈ തിരഞ്ഞെടുപ്പിൽ വിപുലമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.

-ബദറുദ്ദീൻ അജ്‌മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ്. മുപ്പതിലേറെ മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതെങ്ങനെ കൈകാര്യം ചെയ്യും ?

അജ്മലിന്റെ പ്രചാരണം അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിനുള്ളിലാണ്. അദ്ദേഹം സ്വന്തം മേഖലയിൽ പ്രചാരണം നടത്തുന്നു. ഞങ്ങൾ അദ്ദേഹത്തെ നേരിടാനായി അവിടെ പോകാറില്ല. ആ സീറ്റുകളൊന്നും ബി.ജെ.പി.ക്ക് കിട്ടുന്ന സീറ്റുകളല്ല. അജ്മലുമായി വ്യക്തിപരമായി ഒരു അകലവും എനിക്കില്ല.

-പൗരത്വനിയമം തിരഞ്ഞെടുപ്പ് വിഷയമാണോ ?

നിർഭാഗ്യവശാൽ പൗരത്വനിയമം ഒരു തിരഞ്ഞെടുപ്പ്‌ വിഷയമാക്കാൻ കോൺഗ്രസിന് സാധിച്ചില്ല. പൗരത്വനിയമം പാസാക്കിയത് പാർലമെന്റാണ്. പാർലമെന്റ് പൂർണമായും അംഗീകാരം നൽകിയ നിയമമാണത്. അതിനെതിരേ പുറത്തുയർന്ന എതിർപ്പുകളൊന്നും നിലനിന്നില്ല. പൗരത്വനിയമഭേദഗതി സംബന്ധിച്ച് അന്തിമ തീർപ്പുണ്ടാകാതെ അഭിപ്രായം പറയുന്നത് ശരിയല്ല. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതല്ല. ഏതു നിയമം വരുമ്പോഴും വരാതിരിക്കുമ്പോഴും ചിലർക്ക് പരാതികളുണ്ടാവുക സ്വാഭാവികം മാത്രമാണ്.