ന്യൂഡൽഹി: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് സംഘിനെ മെഡിക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് വേഗം തീർപ്പാക്കാൻ ഹൈക്കോടതിയോട്‌ സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ഓഫീസേഴ്സ് സംഘിനെ മെഡിക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾബെഞ്ച് നേരത്തേ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെ.എസ്.ഇ.ബി. ഇത് പരിഗണിച്ചില്ലെന്നു കാട്ടി ഓഫീസേഴ്‌സ് സംഘ് നൽകിയ പരാതിയിൽ ഡിവിഷൻബെഞ്ച് മെഡിക്കൽ കമ്മിറ്റി സ്റ്റേ ചെയ്തു. പിന്നീട്, മെഡിക്കൽ കമ്മിറ്റി താത്കാലികമായി നടത്തിക്കൊള്ളാൻ അനുമതി നൽകിയ ഡിവിഷൻബെഞ്ച് കേസ് സെപ്റ്റംബർ 22-ന് പരിഗണിക്കാനായി മാറ്റി. ഹൈക്കോടതിയിലെ കേസിൽ അന്തിമ തീർപ്പാകാത്തതിനാൽ ഓഫീസേഴ്‌സ് സംഘിന്റെ പരാതിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച മുഖ്യകേസ് ഹൈക്കോടതി വേഗം തീർപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.