ന്യൂഡൽഹി: വിജയലഹരിയിൽ സി.പി.എമ്മും അണികളും എൻ.എസ്.എസിനുനേരെ നടത്തുന്ന കടന്നാക്രമണത്തെ അപലപിക്കുന്നെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെയും മറ്റു നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് ഈ ആക്രമണം.

സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതുപക്ഷം വിജയം നേടിയതെന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം. തീവ്ര മുസ്‌ലിം സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സി.പി.എമ്മിനെ ലഹരി പിടിപ്പിച്ചിരിക്കുന്നു. ഇനിയെങ്കിലും മുസ്‌ലിം സഹോദരങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയ്യാറാവണം -അദ്ദേഹം പറഞ്ഞു.