ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ പറ്റിയ നല്ല വൻനഗരം ബെംഗളൂരു. രണ്ടാമത് പുണെയും മൂന്നാമത് അഹമ്മദാബാദും. ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ, വഡോദര എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. നഗരവികസന മന്ത്രലായം വ്യാഴാഴ്ച പുറത്തിറക്കിയ വാസയോഗ്യ സൂചികയിൽ (ഈസ് ഓഫ് ലിവിങ് ഇൻഡക്സ്) 111 നഗരങ്ങളിലാണ് ബെംഗളൂരു ഒന്നാംസ്ഥാനത്തെത്തിയത്.

പത്തുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ സിംലയാണ് ഒന്നാമത്. ജനസംഖ്യ പത്തുലക്ഷത്തിൽ കൂടുതലുള്ള മുനിസിപ്പാലിറ്റികളിൽ ഇന്ദോറും പത്തുലക്ഷത്തിൽ താഴെയുള്ളതിൽ ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷനും ഒന്നാമത്തെി.

ഈ നാലു വിഭാഗങ്ങളിൽ ആദ്യത്തെ പത്തിൽ എവിടെയും കേരളത്തിലെ നഗരങ്ങൾ സ്ഥാനംപിടിച്ചിട്ടില്ല. സാമൂഹിക വികസന സൂചികയിലും ബിസിനസ് സൗഹാർദ സൂചികയിലും കേരളം നേരത്തേ മികവ് പുലർത്തിയിരുന്നെങ്കിലും ‘ഈസ് ഓഫ് ലിവിങ്’ കാര്യത്തിൽ വളരെ പുറകിലാണ്.

13 മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നഗരങ്ങൾ ജിവിക്കാൻ എത്രമാത്രം സൗഹൃദമാണെന്ന് വിലയിരുത്തിയത്. 111 നഗരങ്ങളിലാണ് സർവേ നടത്തിയത്. നഗരത്തിന്റെ സാമ്പത്തിക ഭദ്രത, സുസ്ഥിരത, ഭരണം, ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അടിസ്ഥാനമാക്കിയത്.