ന്യൂഡൽഹി: വണ്ടിച്ചെക്ക് കേസുകൾ കെട്ടിക്കിടക്കുന്നത് വർധിക്കുകയാണെന്നും ഇവയ്ക്കായി കൂടുതൽ കോടതികൾ സ്ഥാപിക്കണമെന്നും സുപ്രീംകോടതി. ആകെ കെട്ടിക്കിടക്കുന്ന കേസുകളിൽ 30 ശതമാനവും വണ്ടിച്ചെക്കുമായി ബന്ധപ്പെട്ടവയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഭരണഘടനാബെഞ്ച് ചൂണ്ടിക്കാട്ടി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് നിയമത്തിലെ 138-ാം വകുപ്പ് പ്രകാരമുള്ള വണ്ടിച്ചെക്ക് കേസുകൾ വർധിക്കുന്ന വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഭരണഘടനയുടെ 247-ാം വകുപ്പ് പ്രകാരം അധികമായി കോടതികൾ സ്ഥാപിക്കാവുന്നതാണ്. താത്കാലിക നിയമത്തിന്റെ അടിസ്ഥാനത്തിൽപ്പോലും അധിക കോടതികൾ സ്ഥാപിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

വണ്ടിച്ചെക്ക് കേസുകൾ കോടതിയിലെത്തുംമുമ്പ്‌ മധ്യസ്ഥതലത്തിലുള്ള പരിഹാരമാർഗങ്ങൾ തേടുന്നതിനെക്കുറിച്ച് ഹൈക്കോടതികളോട് സുപ്രീംകോടതി നേരത്തേ അഭിപ്രായം തേടിയിരുന്നു. ചെറിയ തുകയാണെങ്കിൽ ക്രിമിനൽക്കുറ്റമല്ലാതാക്കുന്നത് ആലോചിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇക്കാര്യത്തിൽ കമ്മിഷനെവെച്ച് നടപടികൾ സ്വീകരിച്ചതായി കേരള ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്താകെ 35 ലക്ഷം ചെക്കുകേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അതായത്, ജില്ലാകോടതികളിലെ ആകെ ക്രിമിനൽക്കേസുകളിൽ 15 ശതമാനവും ചെക്കുമായി ബന്ധപ്പെട്ടതാണ്. അതിൽ 18 ലക്ഷത്തോളം കേസുകൾ വൈകുന്നത് പ്രതികൾ ഹാജരാവാത്തതിനാലാണ്.