ന്യൂഡൽഹി: ഒ.ടി.ടി. (ഓവർ ദ ടോപ്) പ്ലാറ്റ്‌ഫോമുകൾവഴി അശ്ലീല ഉള്ളടക്കം കാണിക്കുന്നുണ്ടെന്നും ഇതുതടയാൻ സംവിധാനംവേണമെന്നും സുപ്രീംകോടതി. സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കുന്ന മാർഗരേഖ സമർപ്പിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട കേസുകളിലെ മുൻകൂർജാമ്യാപേക്ഷകൾ തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ മേധാവി അപർണ പുരോഹിത് നൽകിയ അപ്പീൽ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് ഏതെങ്കിലുംതരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിനിമകൾക്ക് സെൻസർബോർഡുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ അനുകൂലിച്ചു. കേസിൽ വെള്ളിയാഴ്ച വാദം തുടരും.

വെബ്‌സീരീസ് നിർമിക്കുകയോ അഭിനയിക്കുകയോ ചെയ്യാഞ്ഞിട്ടും അപർണ പുരോഹിത് പത്തിലേറെ കേസുകളിൽ പ്രതിയായെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു. പ്രശസ്തിക്കുവേണ്ടിയാണ് ഇവരെല്ലാം രാജ്യംമുഴുവനും കേസ് ഫയൽ ചെയ്യുന്നത്. പണം നൽകുന്നവർക്കുമാത്രമേ വെബ് സീരീസ് കാണാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെയ്ഫ് അലിഖാൻ, ഡിംപിൾ കപാഡിയ, മുഹമ്മദ് സീഷാൻ അയ്യൂബ് തുടങ്ങിയവർ അഭിനയിക്കുന്ന ഒമ്പത് എപ്പിസോഡുകളുള്ള വെബ് സീരീസാണ് താണ്ഡവ്. ഇതിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ, ആമസോൺ പ്രൈം മേധാവി അപർണ പുരോഹിത്, നിർമാതാവ് ഹിമാൻഷു മെഹ്റ, എഴുത്തുകാരൻ ഗൗരവ് സോളങ്കി, നടൻ മുഹമ്മദ് സീഷാൻ അയ്യൂബ് എന്നിവർക്കെല്ലാമെതിരേ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.