ന്യൂഡൽഹി: കോവിഡുമൂലം മരിച്ചവരുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തണമെന്നും എല്ലാവർക്കും നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് കേന്ദ്രത്തോടാവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിനുള്ള ഓൺലൈൻ പ്രചാരണത്തിന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ തുടക്കംകുറിച്ചു. ജനങ്ങളുടെ വേദനയുടെയും നഷ്ടത്തിന്റെയും കാര്യംവരുമ്പോൾ സർക്കാർ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മരണസംഖ്യ കൃത്യമായി പറയാതെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പരാജയം മൂടിവെക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. തെറ്റായ കണക്ക് പുറത്തുവിട്ട് നഷ്ടപരിഹാരം തടഞ്ഞുവെക്കുകയും പരാജയം മൂടിവെക്കുകയുമാണ് ചെയ്യുന്നത്. ദുരന്തനിവാരണ മാർഗരേഖയനുസരിച്ച് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ 50,000 രൂപ കൊടുത്ത് പ്രശ്നം പരിഹരിക്കാനാണ് നീക്കം. കോവിഡിന്റെ രണ്ടാംതരംഗത്തിൽ എല്ലാം താറുമാറായി. ബി.ജെ.പി. സംസ്ഥാനങ്ങളിൽ പലയിടത്തും മരണസർട്ടിഫിക്കറ്റിൽ കോവിഡാണ് മരണകാരണമെന്ന് ഉൾപ്പെടുത്തിയതുപോലുമില്ല-കോൺഗ്രസ് കുറ്റപ്പെടുത്തി.