ന്യൂഡൽഹി: ഇരുപത്തൊന്നാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ തിങ്കളാഴ്ച ഡൽഹിയിലെത്തും. വൈകീട്ട് 5.30-ന് ഹൈദരാബാദ് ഹൗസിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പുതിൻ പങ്കെടുക്കും. ഉഭയകക്ഷി ചർച്ചയ്ക്കുശേഷം ഇന്ത്യയും റഷ്യയും 10 കരാറുകളിൽ ഒപ്പുവെക്കും.

രാവിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തോടെയാണ് ഉച്ചകോടി ആരംഭിക്കുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി സെർഗി ഷോഗ്യുവും കൂടിക്കാഴ്ച നടത്തും. വിദേശകാര്യം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ‘ടു പ്ലസ് ടു’ സംവിധാനത്തിന്റെ ആദ്യ യോഗമാണ് നടക്കുക.

അഫ്ഗാനിസ്താൻ വിഷയം, കോവിഡ് വ്യാപനം, പ്രതിരോധരംഗത്തെ ഉഭയകക്ഷി സഹകരണം, വാണിജ്യം, വ്യാപാരം തുടങ്ങിയ രംഗങ്ങളിലെ സഹകരണങ്ങൾ തുടങ്ങിയവ മോദി-പുതിൻ കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. പ്രതിരോധരംഗത്തെ സഹകരണമാണ് ഇതിൽ പ്രധാനം. എസ്.400 വ്യോമപ്രതിരോധ സംവിധാനം സംബന്ധിച്ച ചർച്ചകൾ, എ.കെ.-203 റൈഫിളുകൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തിനുള്ള ധാരണ എന്നിവ ചർച്ചചെയ്യും.

2019-ൽ ബ്രസീലിയയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ആദ്യമായാണ് നേരിൽക്കാണുന്നത്. ഇതിനിടയിൽ ആറുവട്ടം ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 9.30-ന് പുതിൻ മടങ്ങും.