ന്യൂ‍ഡൽഹി: ദേശീയതലത്തിൽ ബി.ജെ.പി.യെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ സഖ്യം വരുന്നതിനെ സ്വാഗതം ചെയ്യുന്നെന്ന് സമാജ്‍വാദി പാർട്ടിനേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അത്തരമൊരു സഖ്യത്തിൽ ചേരുന്നതിന് തുറന്നമനസ്സാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിൽ ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തുടച്ചുമാറ്റും. ബംഗാളിൽ മമത ചെയ്തതുപോലെയായിരിക്കുമത്. കോൺഗ്രസിനെ യു.പി. തള്ളിക്കളഞ്ഞതാണ്. ഈ തിരഞ്ഞെടുപ്പിൽ പൂജ്യം സീറ്റായിരിക്കും അവരുടെ സമ്പാദ്യം -അഖിലേഷ് പറഞ്ഞു.

അതിനിടെ, കോൺഗ്രസിന് ബദലായി ദേശീയതലത്തിൽ ബി.ജെ.പി.യെ നേരിടാൻ സഖ്യമുണ്ടാക്കുന്നതിനായി മമത കൊണ്ടുപിടിച്ച ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം മുംബൈയിലെത്തി എൻ.സി.പി. നേതാവ് ശരദ്‌ പവാറുൾപ്പെടെയുള്ളവരെ കണ്ടത് ശുഭസൂചനയായിട്ടാണ് അവർ പറയുന്നത്. മോദിയെയും ബി.െജ.പി.യെയും നേരിടാൻ ഇതിനകം മൂന്നു കോൺഗ്രസുകൾ ഒന്നിക്കാൻ ധാരണയായതായി തൃണമൂൽ ഉപാധ്യക്ഷൻ ലുസീഞ്ഞോ ഫെലെയ്റോ പറഞ്ഞു. തൃണമൂൽ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും വൈ.എസ്.ആർ. കോൺഗ്രസുമാണത്.