ഹൈദരാബാദ്: ഐക്യ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്‌നാട് മുൻഗവർണറുമായ കെ. റോസയ്യ (88) അന്തരിച്ചു. ശനിയാഴ്ച രാവിലെ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എട്ടരയോടെ മരിച്ചു.

കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ റോസയ്യ ആറുപതിറ്റാണ്ടു കാലം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1979-നുശേഷം 2009 വരെ ആന്ധ്രയിൽ അധികാരത്തിലിരുന്ന എല്ലാ കോൺഗ്രസ് മന്ത്രിസഭകളിലും അംഗമായിരുന്നു. 2011 മുതൽ 2016 വരെയാണ് തമിഴ്നാട് ഗവർണറായിരുന്നത്. മൂന്നുമാസം കർണാടക ഗവർണറുടെ ചുമതലയും വഹിച്ചു. വിരമിച്ചശേഷം ഹൈദരാബാദിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. മന്ത്രി, എം.എൽ.എ., പ്രതിപക്ഷനേതാവ്, ലോക്‌സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ആന്ധ്ര കോൺഗ്രസ് പ്രദേശ് കമ്മിറ്റി മുൻ പ്രസിഡന്റും ഖജാൻജിയുമാണ്. ഐക്യആന്ധ്രയിൽ കൂടുതൽ പ്രാവശ്യം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ്; 16 തവണ. 2009-ൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നിര്യാണത്തെത്തുടർന്നാണ് ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്; സെപ്റ്റംബർ മൂന്നുമുതൽ നവംബർ 25 വരെ പദവിയിൽ തുടർന്നു.

ഗുണ്ടൂർ ജില്ലയിലെ വെമുരുവിൽ 1933 ജൂലായിലാണ് ജനനം. കോളേജ് വിദ്യാർഥിയായിരിക്കേ രാഷ്ട്രീയരംഗത്തെത്തി. 1968-ൽ ആദ്യമായി എം.എൽ.എ.യായി. 1979-ൽ മന്ത്രിയും 1992-ൽ പ്രതിപക്ഷനേതാവും 1998-ൽ ലോക്‌സഭാംഗവുമായി. രാഷ്ട്രീയപ്രവർത്തനത്തിനിടെ തന്നെ വ്യവസായി, കർഷകൻ എന്നീ നിലകളിലും അറിയപ്പെട്ടു. വിവാദങ്ങളിൽനിന്ന് അകന്നുമാറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബി.ജെ.പി. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുശേഷം മുൻ കോൺഗ്രസ് സർക്കാർ നിയമിച്ച എല്ലാ ഗവർണർമാരെയും ഒഴിവാക്കിയപ്പോഴും പദവിയിൽ തുടർന്നു. ഭാര്യ: ശിവലക്ഷ്മി. മക്കൾ: കെ.എസ്. സുബ്ബറാവു, കെ.എസ്.എൻ. മൂർത്തി, പി. രമാദേവി.

മൃതദേഹം അമീർപേട്ടിലെ വീട്ടിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ഗാന്ധിഭവനിൽ പൊതുദർശനത്തിനു വെച്ചശേഷം ഉച്ചയോടെ വിലാപയാത്രയായി ജൂബിലി ഹിൽസിലെ മഹാപ്രസ്ഥാനത്തിലെത്തിച്ച് സംസ്കരിക്കും. പൊതുസേവനരംഗത്ത് റോസയ്യയുടെ സംഭാവനകൾ എന്നും അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ആന്ധ്രാഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ, മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അനുശോചനമറിയിച്ചു.