ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ് ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡൽ യൂണിറ്റ് പൂട്ടരുതെന്നാവശ്യപ്പെട്ട് സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് കത്ത് നൽകി. കമ്പനി പൂട്ടാനായി നീതി ആയോഗ് പട്ടികപ്പെടുത്തിയിരിക്കയാണ്. ഇതിന് എച്ച്.ഐ.എൽ. മാനേജ്‌മെന്റും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. കേന്ദ്ര പൊതുമേഖലയിലെ ഏക കീടനാശിനി നിർമാണക്കമ്പനിയും. മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടാണ് യൂണിറ്റിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

സുപ്രീംകോടതി 2012-ൽ എൻഡോസൾഫാൻ നിരോധിക്കുന്നതുവരെ എച്ച്‌.ഐ.എലിന്റെ പ്രധാനപ്പെട്ട യൂണിറ്റായിരുന്നു കേരളത്തിലേത്. കമ്പനിയുടെ എല്ലാ അധികാരങ്ങളും ന്യൂഡൽഹിയിലെ ആസ്ഥാനത്താക്കിയശേഷം അസംസ്കൃത വസ്തുക്കൾ ആവശ്യാനുസരണം നൽകുന്നില്ല. ഉത്‌പന്നങ്ങൾ വിൽക്കുന്നതിനും ആസൂത്രണമില്ലാതെ യൂണിറ്റ് വലിയ നഷ്ടത്തിലേക്ക് നീങ്ങുകയാണ്.

മാനേജ്‌മെന്റ് എടുത്ത ഏകപക്ഷീയമായ നടപടിയാണ് അടച്ചിടൽ തീരുമാനം. യൂണിറ്റിന്റെ പുനരുജ്ജീവനത്തിനുള്ള സാധ്യതകൾ സർക്കാർ എത്രയും വേഗം തേടണം. അല്ലെങ്കിൽ കേന്ദ്രസർക്കാരിനു കീഴിലുള്ള ഫാക്ടിന്റെ സബ്‌സിഡിയറി യൂണിറ്റായി എച്ച്‌.ഐ.എൽ. ഉദ്യോഗമണ്ഡലിനെ മാറ്റി തൊഴിലാളികളെ സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.