ജറുസലേം: പെഗാസസ് ഫോൺചോർത്തൽ വിവാദമായതിനു പിന്നാലെ ‘ആക്രമണശേഷിയുള്ള സൈബർആയുധങ്ങളു’ടെ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ചർച്ചചെയ്യാൻ ഇസ്രയേലിലെ ഉന്നതതല പ്രതിരോധസമിതിയോഗം വിളിച്ചു. തിങ്കളാഴ്ച ചേരുന്ന യോഗം രഹസ്യസ്വഭാവമുള്ളതാണ്. പെഗാസസിന്റെ ഉടമസ്ഥരായ എൻ.എസ്.ഒ. ഗ്രൂപ്പിനു പുറമേ, രാജ്യത്തെ മറ്റു കമ്പനികളും ഇത്തരം ചാര സോഫ്റ്റ്‌വേറുകൾ വിദേശരാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് യോഗമെന്ന് ഇസ്രയേൽ പത്രമായ ഹാരെറ്റ്സ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

കാൻദിരു, ക്വാഡ്രീം തുടങ്ങിയ കമ്പനികളാണ് ജനാധിപത്യേതര ഭരണകൂടങ്ങൾക്ക് ചാരസോഫ്റ്റ്‌വേറുകൾ വിറ്റതിന് പുതിയ ആരോപണം നേരിടുന്നവർ.

അതേസമയം, രാജ്യത്തിന്റെ ഔദ്യോഗിക അജൻഡകളിൽ യോഗകാര്യം ഉൾപ്പെടുത്തിയിട്ടില്ല. വിദേശകാര്യ-പ്രതിരോധസമിതി യോഗവിവരങ്ങൾ പൊതുജനങ്ങളുമായി പങ്കിടില്ല. രഹസ്യവിവരങ്ങളുമായി ബന്ധപ്പെട്ട ഉപസമിതിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത് എന്നതിനാൽ മിനുട്സ് രഹസ്യമായി സൂക്ഷിക്കും. മൊസാദിന്റെ മുൻ ഉപമേധാവി ബെൻ ബരക് അടക്കം നാലുപേരാണ് ഉപസമിതിയിലുള്ളത്.