ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാപദ്ധതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച് 2025-’26 വരെ നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പ്രീ-പ്രൈമറിമുതൽ സീനിയർ സെക്കൻഡറിവരെയുള്ള 11.6 ലക്ഷം സ്കൂളുകൾ, 15.6 കോടി വിദ്യാർഥികൾ, 57 ലക്ഷം അധ്യാപകർ എന്നിവർ ഇതിന്റെ ഭാഗമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കായി ഒട്ടേറെ പുതിയകാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമഗ്രശിക്ഷ: പുതുതായി ഉൾപ്പെടുത്തിയ പദ്ധതികൾ

പ്രീ-പ്രൈമറി

*അങ്കണവാടി ജീവനക്കാരെ പരിശീലിപ്പിക്കാൻ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം നൽകൽ. ഇ.സി.സി.ഇ. അധ്യാപകർക്ക് സർവീസ് കാലത്തിനിടെ പരിശീലനം.

*പഠനസാമഗ്രികൾക്ക് ഒരു കുട്ടിക്ക് 500 രൂപ നിരക്കിൽ സഹായം. സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങളിൽ നാടൻ കളിപ്പാട്ടങ്ങൾ, കളികൾ, കളി അധിഷ്ഠിത പഠനം.

*ഗവൺമെന്റ് പ്രൈമറി സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗത്തിന് സഹായം.

നിപുൺ ഭാരത്

* ‘നാഷണൽ മിഷൻ ഓൺ ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി’ പ്രകാരം കുട്ടികളിൽ വായന, എഴുത്ത്, അക്കങ്ങൾ എന്നിവയിൽ പ്രാവീണ്യം ഉണ്ടാക്കും.

*ഒരു വിദ്യാർഥിക്ക് വർഷത്തിൽ 500 രൂപയും അധ്യാപകന് മാന്വലിനായി 150 രൂപയും. ജില്ലയ്ക്ക് 10 മുതൽ 20 ലക്ഷം രൂപവരെ സഹായം.

*പ്രീ-പ്രൈമറി, പ്രൈമറി അധ്യാപകർക്ക് ഫൗണ്ടേഷണൽ ലിറ്ററസിയിൽ പരിശീലനം.

എലിമെന്ററി തലം

*കുട്ടികളുടെ അവകാശസംരക്ഷണത്തിന് എലിമെന്ററി സ്കൂളുകൾക്ക് സഹായധനം.

* ‘ചൈൽഡ് ട്രാക്കിങ്ങിന്’ പ്രത്യേക സഹായം.

സെക്കൻഡറി തലം

*പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും.

*വർഷത്തിൽ 6000 രൂപ നിരിക്കൽ ഗതാഗത സൗകര്യം സെക്കൻഡറി തലത്തിലും.

*16-നും 19-നുമിടയിലുള്ള പട്ടികജാതി-വർഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് സെക്കൻഡറി, സീനിയർ സെക്കൻഡറി പഠനം പൂർത്തിയാക്കാൻ 2000 രൂപയുടെ സഹായം.

ഗുണനിലവാരം ഉറപ്പാക്കൽ

*എല്ലാവശങ്ങളും ഉൾക്കൊള്ളുന്ന ഹോളിസ്റ്റിക്ക് പ്രോഗ്രസ് കാർഡ്.

*ഖേലോ ഇന്ത്യയിൽ രണ്ടു മെഡലുകൾ ലഭിച്ച സ്കൂളുകൾക്ക് 25,000 രൂപയുടെ സ്പോർട്‌സ് ഗ്രാന്റ്.

*പ്രാദേശിക കരകൗശല വിദഗ്‌ധരോടൊപ്പം ചേർന്നുള്ള ഇന്റേൺഷിപ്പ്.

*അസസ്‌മെന്റ് കേന്ദ്രങ്ങൾ സ്ഥാപിക്കും.

*പുതിയ എസ്.സി.ഇ.ആർ.ടി.കൾ സ്ഥാപിക്കും.

*പ്രീ-പ്രൈമറിമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള അധ്യാപകർക്ക് പരിശീലനം.

തുല്യത ഉറപ്പാക്കൽ

*എല്ലാ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും 12-ാം ക്ലാസുവരെ ഉയർത്തും.

*പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റലുകൾക്ക് വർഷം 40 ലക്ഷം രൂപയുടെ ഗ്രാന്റ്.

*ഹോസ്റ്റലുകളിൽ സാനിറ്ററി പാഡുകളും മാലിന്യസംസ്കരണ സംവിധാനവും ഉറപ്പാക്കും.

*പെൺകുട്ടികൾക്ക് മൂന്നുമാസത്തെ സ്വയംരക്ഷാപരിശീലനം. ഇതിനുള്ള പ്രതിമാസ തുക 3000 രൂപയിൽനിന്ന് 5000 രൂപയാക്കി.

*പ്രത്യേക പരിഗണന അർഹിക്കുന്ന പെൺകുട്ടികൾക്ക് മാസം 200 രൂപ നിരക്കിൽ 10 മാസം സഹായം.

*പ്രത്യേക പരിഗണന വേണ്ടവരെ കണ്ടെത്താൻ വാർഷിക ക്യാമ്പ്. ഇതിനായി 10,000 രൂപ.

തൊഴിൽ വിദ്യാഭ്യാസം

*തൊഴിൽ വിദ്യാഭ്യാസത്തിൽ എയ്‌ഡഡ് സ്കൂളുകൾക്കും സഹായം.

* ‘ക്ലാസ് റൂം കം വർക് ഷോപ്പ്’ ഉണ്ടാക്കാൻ വ്യവസ്ഥ.

ഡിജിറ്റൽ

*ഐ.സി.ടി. ലാബുകൾ, സ്മാർട്ട്‌ ക്ലാസ്‌റൂമുകൾ എന്നിവയ്ക്ക്‌ സഹായം.

*സ്കൂളുകൾക്ക് സോഷ്യൽ ഓഡിറ്റ്.

*ഭാഷാ അധ്യാപകരെ നിയമിക്കാൻ വ്യവസ്ഥ.